ഒന്നര വയസുകാരി മകളെ തൂക്കികൊന്ന് യുവതി ജീവനൊടുക്കി

ഷാർജ: ഷാർജയിൽ ഒന്നര വയസുകാരി മകളുമായി ജീവനൊടുക്കിയ വിപഞ്ചിക നാടിൻറെ നെഞ്ചിലെ നോവാകുന്നു. ചൊവ്വാഴ്ച ഷാർജയിലെ ഫ്ലാറ്റിലാണ് വിപഞ്ചിക മകളുമായി ജീവിതം അവസാനിപ്പിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് പിരിഞ്ഞ് താമസിച്ചിരുന്ന വിപഞ്ചിക ഭർത്താവ് നിതീഷിൽ നിന്നും…

ഷാർജ: ഷാർജയിൽ ഒന്നര വയസുകാരി മകളുമായി ജീവനൊടുക്കിയ വിപഞ്ചിക നാടിൻറെ നെഞ്ചിലെ നോവാകുന്നു. ചൊവ്വാഴ്ച ഷാർജയിലെ ഫ്ലാറ്റിലാണ് വിപഞ്ചിക മകളുമായി ജീവിതം അവസാനിപ്പിച്ചത്. കുടുംബപ്രശ്നങ്ങളെ തുടർന്ന് പിരിഞ്ഞ് താമസിച്ചിരുന്ന വിപഞ്ചിക ഭർത്താവ് നിതീഷിൽ നിന്നും കടുത്ത സമ്മർദം അനുഭവിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.

വിവാഹബന്ധം വേർപെടുത്താനുള്ള നിതീഷിൻറെ നീക്കത്തോട് വിപഞ്ചിക പലവട്ടം തൻറെ വിയോജിപ്പ് അറിയിച്ചു. പക്ഷേ നിതീഷ് വിവാഹമോചനമെന്ന തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ബന്ധം വേർപെടുത്താനാണ് തീരുമാനമെങ്കിൽ പിന്നെ താനും കുഞ്ഞും ജീവിച്ചിരിക്കില്ലെന്ന് വിപഞ്ചിക ഭർത്താവിനോട് പറഞ്ഞുവെങ്കിലും നിതീഷ് കാര്യമായെടുത്തില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഒടുവിൽ വിവാഹമോചനം സംബന്ധിച്ച് വക്കീൽ നോട്ടിസ് ലഭിച്ചതോടെ വിപഞ്ചിക കുഞ്ഞുമായി ജീവനൊടുക്കുകയായിരുന്നു.

കയറിൻറെ ഒരറ്റത്ത് കുഞ്ഞിനെ കെട്ടിത്തൂക്കിയ ശേഷം മറുവശത്ത് വിപഞ്ചികയും ജീവനൊടുക്കിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടുത്ത സ്ത്രീധന പീഡനവും മാനസിക സമ്മർദവും വിപഞ്ചിക നേരിട്ടുവെന്നും പൊലീസ് പറയുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്.ആർ ആയി ജോലി ചെയ്തുവരികയായിരുന്നു യുവതി.

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത്. എന്നാൽ കുഞ്ഞിൻറെ മൃതദേഹം വിട്ടുനൽകില്ലെന്ന നിലപാടാണ് നിതീഷിനും കുടുംബത്തിനുമുള്ളത്. ഇക്കാര്യത്തിൽ ഒത്തുതീർപ്പിലെത്താൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അൽ ബുഹൈറ പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply