തെലങ്കാന: ബേക്കറിയിൽ നിന്നും വാങ്ങിയ പഫ്സിൽ ചത്ത പാമ്പിനെ കണ്ടെത്തി. തെലങ്കാനയിലെ മെഹബൂബ നഗറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തെലങ്കാനയിലെ ജാഡ്ചർല മുനിസിപ്പാലിറ്റിയിലെ ബേക്കറിയിൽ നിന്ന് ശീസൈല എന്ന സ്ത്രീ മുട്ട പഫ്സ് വാങ്ങി. കുട്ടികളോടൊപ്പം കഴിക്കാൻ പഫ്സ് തുറന്നപ്പോഴാണ് അതിനുള്ളിൽ ചത്ത പാമ്പിനെ കണ്ടത്.
ഉടൻ തന്നെ ബേക്കറിയിൽ ചെന്ന് വിവരം പറഞ്ഞെങ്കിലും നിരുത്തരവാദപരമായ പെരുമാറ്റമായിരുന്നു ബേക്കറി ഉടമയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് യുവതി പറഞ്ഞു. സംഭവത്തിൽ യുവതിയും കുടുംബവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വിദഗ്ദ്ധാഭിപ്രായത്തിനായി വിഷയം പ്രാദേശിക ഫുഡ് ഇൻസ്പെക്ടറുടെ അടുത്തേക്ക് അയച്ചിട്ടുണ്ട്. ഫുഡ് ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കും എന്ന് മെഹബൂബ സിഐ പറഞ്ഞു.



