തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി കേവല ഭൂരിപക്ഷം ഉറപ്പിച്ചു. കണ്ണമ്മൂല വാര്‍ഡില്‍ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി പാറ്റൂര്‍ രാധാകൃഷ്ണന്‍ പിന്തുണ പ്രഖ്യാപിച്ചതോടെ ബിജെപിയുടെ അംഗസംഖ്യ 51 ആയി. രാധാകൃഷ്ണന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഉറപ്പായത്. മേയര്‍ സ്ഥാനാര്‍ത്ഥിയായി വി.വി രാജേഷിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാധാകൃഷ്ണന്‍ പിന്തുണ അറിയിച്ചത്.
കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുമായി പാറ്റൂര്‍ രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തിയിരുന്നു. വികസിത അനന്തപുരിയെന്ന ആശയവുമായി ചേര്‍ന്ന് നില്‍ക്കുന്നതാണ് രാധാകൃഷ്ണന്റെ കാഴ്ചപ്പാടെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. അതേസമയം, മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ പിന്തുണയ്ക്കുന്നുവെന്ന് കരുതി അഞ്ച് വര്‍ഷവും ബിജെപിയെ പിന്തുണയ്ക്കുമെന്ന് ഉറപ്പില്ലെന്നാണ് രാധാകൃഷ്ണന്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മേയര്‍ തിരഞ്ഞെടുപ്പിന് മാത്രമാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു.



