സംസ്ഥാനത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 2,000 രൂപ വീതം ഈ മാസം 25 മുതൽ വിതരണം ചെയ്യുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഏകദേശം 62 ലക്ഷത്തോളം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ഇതിൽ 26.62 ലക്ഷം പേർക്ക് ബാങ്ക് അക്കൗണ്ടുകൾ വഴിയും മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ കൈമാറും.
ദേശീയ പെൻഷൻ പദ്ധതി പ്രകാരം കേന്ദ്ര വിഹിതം ലഭിക്കേണ്ട 8.46 ലക്ഷം പേർക്കുള്ള തുകയും സംസ്ഥാനം മുൻകൂറായി അനുവദിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള 24.21 കോടി രൂപ വൈകുന്ന സാഹചര്യത്തിലാണ് പെൻഷൻ മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ ഈ തുക കൂടി ലഭ്യമാക്കിയത്. പി.എഫ്.എം.എസ് സംവിധാനത്തിലെ കാലതാമസം ഒഴിവാക്കണമെന്ന് കേന്ദ്രത്തോടും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ ഒരു കുടിശികയുമില്ലാതെ കൃത്യസമയത്ത് തന്നെ പെൻഷൻ വിതരണം നടക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.
പെൻഷൻ വിതരണത്തിൽ എൽഡിഎഫ് സർക്കാർ കൈവരിച്ച വലിയ മുന്നേറ്റവും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ടാം പിണറായി സർക്കാർ മാത്രം ഇതുവരെ 49,433.83 കോടി രൂപയാണ് പെൻഷൻ ഇനത്തിൽ നൽകിയത്. യുഡിഎഫ് കാലത്തെ 600 രൂപയിൽ നിന്നും ഘട്ടംഘട്ടമായാണ് പെൻഷൻ തുക 2,000 രൂപയിലേക്ക് ഉയർത്തിയത്. പ്രതിവർഷം 14,500 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിന് വേണ്ടിവരുന്നത്. അടുത്ത വർഷത്തേക്കുള്ള പെൻഷൻ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും സർക്കാർ ഉറപ്പുനൽകി.



