സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 20-നും 21-നും ഇടുക്കി ജില്ലയിലും നേരിയതോ ഇടത്തരമോ…

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഫെബ്രുവരി 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും, 20-നും 21-നും ഇടുക്കി ജില്ലയിലും നേരിയതോ ഇടത്തരമോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരള തീരത്തോടു ചേർന്നുള്ള അറബിക്കടലിന് മുകളിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴയ്ക്ക് പ്രധാന കാരണമാകുന്നത്.

നിലവിൽ ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിനു മുകളിലുമായി ഒരു ന്യൂനമർദം നിലനിൽക്കുന്നുണ്ട്. ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും ഫെബ്രുവരി 18-ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ കൂടുതൽ കരുത്താർജിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു. സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയും ഇതിനൊപ്പം ചേർന്ന് പ്രവർത്തിക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ പ്രവചിക്കപ്പെട്ടത്.

കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് മലയോര മേഖലകളിലും തെക്കൻ ജില്ലകളിലും ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിലെ യാത്രകളും മറ്റും പ്ലാൻ ചെയ്യുന്നവർ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തി പ്രാപിക്കുന്നതിനനുസരിച്ച് വരും ദിവസങ്ങളിൽ മഴയുടെ തീവ്രതയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

Leave a Reply