കോൺഗ്രസ് പ്രതിഷേധം രാജ്യത്തിന് നാണക്കേട്; കോൺഗ്രസിനെ കൈവിട്ട് അഖിലേഷ് യാദവും

ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ‘ഷർട്ടില്ലാ പ്രതിഷേധം’ രാഷ്ട്രീയ വിവാദമാകുന്നു. വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന്…

ഭാരത് മണ്ഡപത്തിൽ നടന്ന ആഗോള എഐ ഇംപാക്ട് ഉച്ചകോടിക്കിടെ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ ‘ഷർട്ടില്ലാ പ്രതിഷേധം’ രാഷ്ട്രീയ വിവാദമാകുന്നു. വിദേശ പ്രതിനിധികൾക്ക് മുന്നിൽ ഇന്ത്യയെ മോശമായി ചിത്രീകരിക്കുന്ന ഇത്തരം പ്രവൃത്തികൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോൺഗ്രസിന്റെ സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വിമർശിച്ചു.

ആഭ്യന്തരമായി രാഷ്ട്രീയ വിയോജിപ്പുകൾ ഉണ്ടാകാമെങ്കിലും ലോകരാജ്യങ്ങൾക്ക് മുന്നിൽ സ്വന്തം രാജ്യത്തെ നാണംകെടുത്തുന്നത് ശരിയല്ലെന്ന് ഝാൻസിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അഖിലേഷ് പറഞ്ഞു. ബിജെപി കള്ളം പറയുകയാണെന്ന് രാജ്യത്തിന് അറിയാമെന്നും എന്നാൽ പ്രതിഷേധത്തിന് തിരഞ്ഞെടുത്ത വേദിയും രീതിയും തെറ്റായിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷനും മുൻ ആന്ധ്രാ മുഖ്യമന്ത്രിയുമായ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയും കോൺഗ്രസ് നീക്കത്തിനെതിരെ രംഗത്തെത്തി. രാഷ്ട്രീയ വ്യത്യാസങ്ങൾ എന്തുതന്നെയായാലും ലോകത്തിന് മുന്നിൽ ഒരു ഐക്യമുന്നണിയായി നിലകൊള്ളണമെന്നും യൂത്ത് കോൺഗ്രസ് രാജ്യത്തെ ലജ്ജിപ്പിച്ചുവെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ സന്ദേശങ്ങൾ എഴുതിയ ടീ ഷർട്ടുകൾ ഉയർത്തിപ്പിടിച്ച് വേദിക്കുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടില്ലാതെ പ്രതിഷേധിച്ചത്. സംഭവത്തിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.

അതേസമയം, പ്രതിഷേധത്തെ ന്യായീകരിച്ച് കോൺഗ്രസ് രംഗത്തെത്തി. പ്രതിഷേധ രീതി ചിലപ്പോൾ ശരിയായിരിക്കില്ലെങ്കിലും ഉച്ചകോടിയിൽ ചൈനീസ് ഉൽപ്പന്നങ്ങൾ പ്രദർശിപ്പിച്ച ബിജെപിയാണ് യഥാർത്ഥത്തിൽ നാണം കെടേണ്ടതെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും ഇവരെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തു.

Leave a Reply