‘ജുഡീഷ്യറിയിലെ അഴിമതി’; എൻസിഇആർടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉൾക്കൊള്ളുന്ന എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പിൻവലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദ്ദേശങ്ങൾ ഉടനടി…

ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ചുള്ള അധ്യായം ഉൾക്കൊള്ളുന്ന എട്ടാം ക്ലാസ് എൻസിഇആർടി പുസ്തകം നിരോധിച്ച് സുപ്രീംകോടതി. എല്ലാ കോപ്പികളും പിടിച്ചെടുക്കാനും അതിന്റെ ഡിജിറ്റൽ ഉള്ളടക്കങ്ങൾ പിൻവലിക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തങ്ങളുടെ നിർദ്ദേശങ്ങൾ ഉടനടി പാലിക്കണമെന്നും ഏതെങ്കിലും രൂപത്തിൽ നിർദ്ദേശങ്ങൾ ലംഘിച്ചാൽ ‘ഗുരുതരമായ നടപടി’ ഉണ്ടാകുമെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നൽകി. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാതിരിക്കുന്നത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ എൻസിഇആർടി ഡയറക്ടർ, സ്‌കൂൾ വിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്ക് സുപ്രീം കോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചു.

സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗമാണ് വിവാദമായത്. വിഷയത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി കഴിഞ്ഞ ദിവസം ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിവാദ പാഠഭാഗം ഉൾപ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്കറിയാമെന്നുമാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മുന്നറിയിപ്പ് നൽകിയത്.

ജുഡീഷ്യറിയെ ദുർബലപ്പെടുത്താനും അന്തസ്സിനെ താഴ്ത്താനുമുള്ള മനഃപൂർവമായ നീക്കമാണിതെന്ന് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ജുഡീഷ്യറിയിൽ ശാശ്വതമായ സ്വാധീനം ചെലുത്തുന്ന അത്തരം പെരുമാറ്റം ക്രിമിനൽ കോടതിയലക്ഷ്യത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുമെന്നും ബെഞ്ച് ഓർമ്മിപ്പിച്ചു. ‘കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു, ഇത് വെറുതെ വിട്ടാൽ, നീതിന്യായ വ്യവസ്ഥയിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാകും. ആരെയും കുറ്റവിമുക്തരാക്കാൻ അനുവദിക്കില്ല. ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തേണ്ടത് സ്ഥാപനത്തിന്റെ തലവൻ എന്ന നിലയിൽ എന്റെ കടമയാണ്. തലകൾ ഉരുളണം’- ചീഫ് ജസ്റ്റിസ് പറഞ്ഞു. ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ആഴത്തിൽ വേരൂന്നിയതും ആസൂത്രിതവുമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തോന്നുന്നുവെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

എൻസിഇആർടിയുടെ ബുധനാഴ്ചത്തെ കത്തിൽ ക്ഷമാപണം എന്നൊരു വാക്ക് പോലും ഇല്ലെന്നും പകരം അവർ അതിനെ ന്യായീകരിക്കാൻ ശ്രമിച്ചുവെന്നുമാണ് സുപ്രീം കോടതി പറഞ്ഞത്. ഇന്ന് തുടക്കത്തിൽ തന്നെ, വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത നിരുപാധികമായി ക്ഷമാപണം നടത്തി. കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാർച്ച് 11ലേക്ക് മാറ്റിവെച്ചു.

Leave a Reply