ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ എണ്ണ വ്യാപാരത്തിലെ ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് യുഎസ്. അമേരിക്ക പറയുന്നത് പോലെ ചെയ്യുന്നതാണ് ഇന്ത്യയുടെ നിലവിലെ രീതിയെന്നും അതാണ് റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നൽകാൻ കാരണമായതെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെൻ്റ് പറഞ്ഞു.
“ആദ്യം റഷ്യയിൽ നിന്നും എണ്ണ വാങ്ങേണ്ടെന്ന് യുഎസ് പറഞ്ഞപ്പോൾ ഇന്ത്യ അത് അനുസരിച്ചു, എന്നാൽ ഇപ്പോൾ അനുമതി നൽകിയപ്പോൾ അതും സമ്മതിച്ചു. ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാൻ നൽകിയിരിക്കുന്ന അനുമതി താൽക്കാലികം മാത്രമാണ്. കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണ വാങ്ങാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്,” യുഎസ് ട്രഷറി സെക്രട്ടറി വ്യക്തമാക്കി.
അതേസമയം, ഇന്ത്യ ഏത് രാജ്യത്തു നിന്ന് വേണമെങ്കിലും ക്രൂഡ് ഓയിൽ വാങ്ങുമെന്നാണ് കേന്ദ്രസർക്കാരിൻറെ വിശദീകരണം. ഹോർമൂസ് കടലിടുക്കിലെ പ്രശ്നങ്ങൾ വഷളാണെങ്കിലും ഇന്ത്യയുടെ ക്രൂഡ് ഓയിൽ മേഖല സുരക്ഷിതമാണ്. നേരത്തെ 27 രാജ്യങ്ങളിൽ നിന്നാണ് ക്രൂഡ് ഓയിൽ വാങ്ങിയിരുന്നത്. ഇപ്പോഴത് 40 രാജ്യങ്ങളിൽ നിന്നാണ്. ഒരേ സമയം പല വിപണികളിൽ നിന്ന് എണ്ണ വാങ്ങുന്ന സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന വിപണികളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിക്കുക എന്ന തന്ത്രമാണ് ഇന്ത്യയ്ക്കുള്ളതെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ക്രൂഡ് ഓയിൽ വാങ്ങാൻ മറ്റേതെങ്കിലും രാജ്യത്തിൻറെ അനുമതി ഇന്ത്യക്ക് ആവശ്യമില്ലെന്നും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടരുമെന്നും ഇതിൽ പറയുന്നു.



