ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനു ശേഷവും അദ്ദേഹത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവമായി തുടരുന്നത് ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു. ഇസ്രയേലിനെ നേരിട്ട് ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശങ്ങളാണ് അക്കൗണ്ടിൽ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സയണിസ്റ്റ് ഭരണകൂടം വലിയ തെറ്റാണ് ചെയ്തിരിക്കുന്നതെന്നും ഇതിന്റെ പ്രത്യാഘാതം അവർക്ക് വലിയ നിരാശയുണ്ടാക്കുമെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഇറാന്റെ സൈനിക കരുത്ത് വ്യക്തമാക്കുന്ന മൂന്ന് പ്രധാന ചിത്രങ്ങൾ സഹിതമാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
മരുഭൂമിയിൽ മിസൈൽ ലോഞ്ചറുകൾക്ക് സമീപം ഇറാനിയൻ പതാകയുമായി നിൽക്കുന്ന സൈനികർ, അത്യാധുനിക മിസൈലുകൾ വികസിപ്പിക്കുന്ന ശാസ്ത്രജ്ഞർ, രാത്രിയിൽ ശത്രുരാജ്യത്ത് പതിക്കുന്ന വമ്പൻ ബാലിസ്റ്റിക് മിസൈൽ എന്നിവയുടെ ചിത്രങ്ങളാണ് സന്ദേശത്തോടൊപ്പം പങ്കുവെച്ചിട്ടുള്ളത്. ഫെബ്രുവരി 28-ന് ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിലെ ബയോ ‘ഇസ്ലാമിക് റവല്യൂഷനിലെ രക്തസാക്ഷിത്വം വരിച്ച നേതാവ്’ എന്നാക്കി മാറ്റിയിട്ടുണ്ട്.
ഖമേനിയുടെ മരണത്തിന് തൊട്ടുപിന്നാലെ ഇസ്രയേലിനുംഅമേരിക്കക്കും നേരെ ഇറാൻ വൻതോതിൽ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടിരുന്നു. ഈ പശ്ചാത്തലത്തിൽ അക്കൗണ്ടിൽ നിന്നുള്ള പുതിയ പോസ്റ്റുകൾക്ക് ആഗോളതലത്തിൽ സമ്മിശ്രമായ പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇറാൻ-ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുമെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കങ്ങളെ വിലയിരുത്തുന്നത്.



