ടൗൺഷിപ് സന്ദർശന വിവാദത്തിൽ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ ഫോണിൽ വിളിച്ച് മമ്മൂട്ടി. അപമാനിച്ചതായി കണക്കാക്കേണ്ടെന്ന് മമമ്മൂട്ടി പറഞ്ഞു. താങ്കളോട് മാത്രമായി പറഞ്ഞതാണ്, അതെങ്ങനെ പുറത്തുവന്നെന്ന് അറിയില്ലെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് റഫീഖ് അറിയിച്ചു. അത് വെറും സ്വകാര്യസംഭാഷണമായി മാത്രം കണക്കാക്കിയാൽ മതിയെന്നും മമ്മൂട്ടി പറഞ്ഞു. രണ്ട് തവണയാണ് മമ്മൂട്ടി റഫീഖിനെ വിളിച്ചത്. വീഡിയോ കോൾ ഉൾപ്പടെ ചെയ്തു.
സന്ദർശനത്തിനിടെ ഒപ്പം നടന്ന സിപിഐഎം ജില്ലാ സെക്രട്ടറിയോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം രൂക്ഷമായി. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.
ഇന്നലെയാണ് മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പ് സന്ദർശിക്കാനായി മമ്മൂട്ടി എത്തിയത്. അതിന് മുൻപ് സ്ഥലം സന്ദർശിച്ച സിപിഐഎം ജനറൽ സെക്രട്ടറി എംഎ ബേബി മടങ്ങിപ്പോയതിന് തൊട്ടുപിന്നാലെയായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം. ആളുകൂടിയപ്പോൾ, നിയന്ത്രിക്കാനായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് മമ്മൂട്ടിക്കൊപ്പം കൂടി. പിന്നാലെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. സ്വകാര്യ സന്ദർശനത്തിൽ രാഷ്ട്രീയനിറം കലർത്തേണ്ട എന്ന നിലപാടിന്റെ പുറത്തായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ, സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും വിയോജിച്ചും ചർച്ചയുയർന്നു. ഇടത് സഹയാത്രികനായ മമ്മൂട്ടി, ജില്ലാ സെക്രട്ടറിയോട് ഇങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു എന്നാണ് വിമർശനം. സൈബർ ആക്രമണം തള്ളി മന്ത്രി പി രാജീവ് രംഗത്തെത്തി.



