ഡൽഹി: ഡൽഹിയിൽ നിന്ന് മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം (6E33) പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടർന്ന് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വ്യോമപാതകളിൽ അവസാന നിമിഷം ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് വിമാനത്തിന് തിരിച്ചടിയായത്. ഏകദേശം ഏഴ് മണിക്കൂറോളം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ഡൽഹിയിൽ മടങ്ങിയെത്തിയത്.
ഇറാൻ-ഇസ്രയേൽ സംഘർഷം നിലനിൽക്കുന്നതിനാൽ സാധാരണ പാത ഒഴിവാക്കി ആഫ്രിക്കൻ മേഖലയിലൂടെയുള്ള പ്രത്യേക റൂട്ടിലായിരുന്നു വിമാനം സഞ്ചരിച്ചിരുന്നത്. എന്നാൽ എത്യോപ്യ-എറിത്രിയ അതിർത്തിക്ക് സമീപമെത്തിയപ്പോൾ സുരക്ഷാ കാരണങ്ങളാൽ വിമാനത്തിന് പെട്ടെന്ന് യു-ടേൺ എടുക്കേണ്ടി വന്നുവെന്ന് ഫ്ലൈറ്റ്‌റഡാർ24 റിപ്പോർട്ട് ചെയ്തു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇൻഡിഗോ വക്താവ് അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, തുടർയാത്രയ്ക്കുള്ള ബദൽ സംവിധാനങ്ങളെക്കുറിച്ച് അധികൃതരുമായി ചർച്ച നടത്തിവരികയാണെന്നും വ്യക്തമാക്കി.



