തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചു. ഇതുവരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്തൊട്ടാകെ 1259 പത്രികകളാണ് സമർപ്പിക്കപ്പെട്ടിട്ടുള്ളത്. നാളെ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 26 വ്യാഴാഴ്ച വരെയാണ്. അന്നത്തോടെ ഓരോ മണ്ഡലത്തിലെയും അന്തിമ സ്ഥാനാർത്ഥി പട്ടിക വ്യക്തമാകും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖർ അവസാന ദിനമായ ഇന്ന് പത്രിക സമർപ്പിച്ചു. ടി. സിദ്ദിഖ്, ജോസ് കെ. മാണി, ബി. ഗോപാലകൃഷ്ണൻ, അപു ജോൺ ജോസഫ്, പാർട്ടി വിട്ട ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ തുടങ്ങിയവരും ഇന്ന് പത്രിക നൽകിയവരിൽ ഉൾപ്പെടുന്നു. മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ നിരവധി സ്വതന്ത്രരും ഇത്തവണ മത്സരരംഗത്തുണ്ട്.
തിരഞ്ഞെടുപ്പ് ചൂടിനിടെ ഗുരുവായൂരിലെ ബിജെപി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണന്റെ ഹിന്ദു എംഎൽഎ പരാമർശം വലിയ വിവാദത്തിന് വഴിവെച്ചു. ഇതിൽ അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.
അതേസമയം, രാഷ്ട്രീയ ആരോപണങ്ങളും ഇത്തവണ ശക്തമാണ്. യുഡിഎഫിനെ തഴയാൻ ബിജെപിയും സിപിഎമ്മും തമ്മിൽ 10 മണ്ഡലങ്ങളിൽ രഹസ്യ ധാരണയുണ്ടെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. പ്രചാരണത്തിന് ഇനി വെറും 15 ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. വരും ദിവസങ്ങളിൽ ദേശീയ നേതാക്കൾ ഉൾപ്പെടെയുള്ളവർ കേരളത്തിലെത്തുന്നതോടെ പ്രചാരണം കൂടുതൽ ആവേശകരമാകും.



