ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 35 പേർ കൂടി കൊല്ലപ്പെട്ടു.ഗാസയിൽ ഇങ്ങനൊരു ആക്രമണം നടത്തിയത് ഉടനടി വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് . ഈ വ്യാമാക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 35 പേരോളം കൊല്ലപ്പെട്ടു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മധ്യഗാസയിൽ നിസുറത്ത് അഭ്യാർത്ഥി ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിലെ ഒരു വീട്ടിൽ മാത്രം 15 പേരാണ് കൊല്ലപ്പെട്ടത്. ക്യാമ്പിലെ ഒരു ബ്ലോക്ക് മുഴുവനും ബോംബിങ്ങിൽ തകർന്നു.
തെക്കൻ ഗാസയിലെ റഫയിൽ 13 പേർ കൊല്ലപ്പെട്ടിട്ടിണ്ട്. 84ൽ അധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.കൂടാതെ നിരവധി പേരെ കാണാതാതായും ഗാസയിലെ വാർത്താ ഏജൻസി അറിയിച്ചു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ അഭയാർത്ഥി ക്യാംപ് നാമാവശേഷമായി. ഇപ്പോൾ ആശുപത്രികളിൽ പരിക്കേറ്റവരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും, കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിക്കുന്നു. ഗാസയിൽ നിരുപാധിക അടിയന്ത്ര വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി ബുധനാഴ്ച പ്രമേയം പാസാക്കിയിരുന്നു. ഇന്ത്യയടക്കം 158 രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇസ്രയേലും യുഎസുമടക്കം എട്ട് രാജ്യങ്ങൾ പ്രമേയത്ത് എതിർത്തു. എന്നാൽ ഇതിനു പിന്നാലെയാണ് ഇസ്രായേൽ ഇങ്ങനൊരു ആക്രമണം നടത്തിയത്.



