സ്കൂൾ കലോത്സവത്തിന് സുരക്ഷ ഓഡിറ്റിങ് നടത്തണം; പൊതുവിദ്യാഭ്യാസ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. കൊച്ചിയിൽ ഉമാ തോമസ് എംഎൽഎ സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തിൽ വേദിയിൽ നിന്നും വീണ് പരിക്കേറ്റ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിൻ്റെ ഇങ്ങനൊരു കത്ത്. കത്തിൽ കുട്ടികളും, രക്ഷിതാക്കളും, അധ്യാപകരും, കലാസ്വാദകരും ഉൾപ്പെടെ പതിനായിരക്കണക്കിന് പേർ എത്തിച്ചേരുന്ന സ്കൂൾ കലോത്സവത്തിൻ്റെ സുരക്ഷ കുറ്റമറ്റതും, കാര്യക്ഷമവും ആക്കണമെന്നതിനുള്ള മുന്നറിയിപ്പായി കൊച്ചിയിലെ സംഭവങ്ങളെ കാണണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ മത്സര വേദികളിലും, ഊട്ടുപുരയിലും കുട്ടികൾ താമസിക്കുന്ന സ്കൂളുകളിലും അടിയന്തിരമായി എല്ലാ സർക്കാർ വകുപ്പുകളെയും ഏജൻസികളെയും ഉൾപ്പെടുത്തിയുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്നും അദ്ദേഹം കത്തിൽ ആവശ്യപെട്ടിട്ടുണ്ട്. പ്രധാന വേദികൾ ഉൾപ്പെടെ തിരക്കേറിയ നഗര മധ്യത്തിലായ സാഹചര്യത്തിൽ നിരത്തുകളിലെ സുരക്ഷയും ഉറപ്പാക്കേണ്ടതുണ്ട്. ഇതെല്ലാം സർക്കാരിൻ്റെയും ,പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെയും ഉത്തരവാദിത്തമാണ് എന്നും അദ്ദേഹം കത്തിൽ പറയുന്നു.
ഇക്കാര്യങ്ങളിൽ അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കി കുട്ടികളുടെ ഈ കലാമേളയെ വൻ വിജയമാക്കി തീർക്കാൻ എല്ലാ പിന്തുണയും ഉറപ്പ് നൽകുന്നു എന്നും അദ്ദേഹം കത്തിൽ പറഞ്ഞു.സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന് ശനിയാഴ്ച മുതൽ തലസ്ഥാന നഗരിയിൽ തുടക്കമാകുകയാണല്ലോ. കലോത്സവത്തിനു വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പും സർക്കാരും നടത്തുന്ന മുന്നൊരുക്കങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പം ഗൗരവതരമായ ചില വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുന്നതിനുമാണ് ഈ കത്ത്.



