നടി ഹണി റോസ് നൽകിയ സൈബർ അധിക്ഷേപ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ പ്രത്യേക സംഘത്തിന് നേതൃത്വം വഹിക്കുന്നത് സെൻട്രൽ എസിപി ജയകുമാർ ആണ്. കൂടാതെ ഈ അന്വേഷണ സംഘത്തിൽ സൈബർ സെൽ അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. സെൻട്രൽ സിഐയുടെ നേതൃത്വത്തിൽ അന്വേഷണവും ,സെൻട്രൽ എസിപിക്ക് ഈ കേസിൻ്റെ മേൽനോട്ട ചുമതലയും നൽകി കഴിഞ്ഞു.ഇനിയും ആവശ്യമെങ്കിൽ അന്വേഷണസംഘം വിപുലീകരിക്കുമെന്നും കൊച്ചി പൊലീസ് അറിയിച്ചു. അതേസമയം,നടിയുടെ പരാതി അടിസ്ഥാനത്തിൽ ബോബി ചെമ്മണ്ണൂരിനെ നോട്ടീസ് നൽകി വിളിപ്പിക്കുന്നതും പൊലീസ് പരിശോധിച്ച് വരികയാണ്.
ബോബി ചെമ്മണൂരിന് പുറമെ ഹണി റോസിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത സൈബർ അധിക്ഷേപ കേസിൽ ഫെയ്സ്ബുക്കിൽ നിന്ന് കൊച്ചി പൊലീസ് വിവരങ്ങൾ തേടി. ഈ പരാതിയിൽ മൊഴി നൽകിയ ഹണി റോസ് ഇൻസ്റ്റാഗ്രാമിലടക്കം തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് സഹിതം പൊലീസിന് കൈമാറി. നടിയുടെ പോസ്റ്റിനെ അശ്ലീല കമന്റിട്ട 20 പേരെ തിരിച്ചറിഞ്ഞെന്നും, അവർക്കെതിരെ നടപടി തുടരുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു.
അതേസമയം ഹണി റോസ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറയുന്നത് ബോബി ചെമ്മണ്ണൂർ, താങ്കൾ എനിക്കെതിരെ തുടർച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങൾക്കെതിരെ ഞാൻ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസികനിലയുള്ള താങ്കളുടെ കൂട്ടാളികൾക്കെതിരെയുള്ള പരാതികൾ പുറകെ ഉണ്ടാവും. താങ്കൾ താങ്കളുടെ പണത്തിൻറെ ഹുങ്കിൽ വിശ്വസിക്കൂ, ഞാൻ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയിൽ വിശ്വസിക്കുന്നു’ എന്നാണ്.
സ്വർണ്ണവ്യാപാര സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനിടയിൽ ബോബി ചെമ്മണ്ണൂർ നടത്തിയ ദ്വയാർത്ഥ പ്രയോഗങ്ങൾക്കും കമന്റുകൾക്കുമെതിരെ നടി നേരത്തെ പരസ്യമായ വിമർശനവുമായി രംഗത്ത് വന്നിരുന്നു. ഇതിന് താഴെ രൂക്ഷമായ സൈബർ അധിക്ഷേപം നടന്നു. പിന്നാലെ നടി പൊലീസിനെ സമീപിക്കുകയും അശ്ലീല കമൻ്റിട്ടവർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ ഹണി ആദ്യം നൽകിയ പരാതിയിൽ ചെമ്മണ്ണൂരിനെ പരാമർശിച്ചിരുന്നില്ല.പിന്നീടാണ് നടി പരാതി നൽകിയത്.



