വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പഠനം തുടരാൻ അനുമതി നൽകി സര്‍വകലാശാല ഉത്തരവിറക്കി. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് ഉത്തരവിറക്കിയത്. ആൻ്റി റാഗിങ് കമ്മിറ്റിയുടെ അന്വേഷണത്തിൽ നിന്ന് പ്രതികൾ പഠനവിലക്ക് നേരിട്ടെങ്കിലും ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടുകയായിരുന്നു. താത്കാലികമായി പഠനം തുടരാമെങ്കിലും ഹോസ്റ്റൽ സംവിധാനം അനുവദിക്കില്ല.

കഴിഞ്ഞ വർഷം ഫെബ്രുവരി 18-നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ നെടുമങ്ങാട് സ്വദേശിയായ സിദ്ധാർത്ഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാം വർഷ വെറ്റിനറി സയൻസ് ബിരുദ വിദ്യാർത്ഥിയായിരുന്നു സിദ്ധാർത്ഥ്. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് സിദ്ധാര്‍ത്ഥനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍വെച്ച് മര്‍ദിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു. ക്ലാസിലെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ഇതില്‍ മനംനൊന്ത് സിദ്ധാര്‍ത്ഥന്‍ ആത്മഹത്യ ചെയ്തുവെന്നായിരുന്നു കേസ്. പോസ്റ്റുമോര്‍ട്ടത്തില്‍ സിദ്ധാര്‍ത്ഥന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നു. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ത്ഥികളായ പന്ത്രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.



