ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തികൊണ്ടുള്ള ശശി തരൂരിൻറെ നടപടിയിൽ രൂക്ഷ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി ലൈൻ മറികടക്കുന്നുവോയെന്ന് ഓരോ നേതാവും ആത്മപരിശോധന നടത്തണമെന്നും പറയുന്ന കാര്യങ്ങളിൽ അവനവന് ബോധ്യമുണ്ടാകണമെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.
ജയിപ്പിച്ച് വിട്ട ജനങ്ങളോട് കടപ്പാടുണ്ടാകണമെന്നും ആലപ്പുഴയിലെ ജനങ്ങളോട് എന്നും കടപ്പാടുള്ളയാളാണ് താനെന്നും കെസി വേണുഗോപാൽ പറഞ്ഞു. മോദിയെ പ്രകീർത്തിച്ചതിനെ കുറിച്ച് തരൂരിനോട് തന്നെ ചോദിക്കണമെന്നും കെ.സി വേണുഗോപാൽ പറഞ്ഞു.കഴിഞ്ഞ ദിവസം ദ ഹിന്ദു പത്രത്തിലെഴുതിയ ലേഖനത്തിൽ മോദിയെ പുകഴ്ത്തി ശശി തരൂർ വീണ്ടും രംഗത്തെത്തിയിരുന്നു.
അതേസമയം, മോദി സ്തുതിയിൽ കോൺഗ്രസിനുള്ളിൽ വിമർശനം കടുക്കുമ്പോൾ ബിജെപിയിലേക്കില്ലെന്ന് വ്യക്തമാക്കി ശശി തരൂർ എംപി രംഗത്തെത്തി. തൻറെ ലേഖനത്തെ ബിജെപിയിലേക്കുള്ള ചാട്ടമായി ചിലർ വ്യാഖ്യാനിക്കുന്നുവെന്നാണ് തരൂർ പറയുന്നത്. അവർക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ദേശീയതയ്ക്കും രാജ്യത്തിനും വേണ്ടിയാണ് താൻ നിലകൊള്ളുന്നത്. തൻറെ ശബ്‍ദം രാജ്യത്തിന് വേണ്ടിയാണ് ഉയരുന്നതെന്നും തരൂർ പറഞ്ഞു.മോസ്കോയിലാണ് തരൂർ നിലപാട് വ്യക്തമാക്കിയത്.



