കൊച്ചി: കേരളത്തിലെ ദലിത് ഭവനങ്ങളില്‍ ഒരുകാലത്തും രാമായണ പാരായണം നടന്നിട്ടില്ലെന്ന് സാഹൂഹിക ചിന്തകനും ആക്ടിവിസ്റ്റുമായ ഡോ. ടി എസ് ശ്യാം കുമാര്‍. ദലിതര്‍ രാമായണം വായിച്ച ചരിത്രമില്ലെന്നും രാമായണ പാരായണത്തെ പ്രതിരോധിക്കേണ്ടതുണ്ടെന്നും എന്നാല്‍ അത് ദലിതരുടെ മാത്രം വിഷയമല്ലെന്നും ശ്യാം കുമാര്‍ പറയുന്നു.
കേരളത്തിലെ അമ്പലങ്ങളില്‍ എന്നുമുതലാണ് രാമായണം വായിക്കാന്‍ തുടങ്ങിയതെന്നും അദ്ദേഹം ചോദിക്കുന്നു. എട്ടാം നൂറ്റാണ്ടു മുതലുള്ള ഒരു ശിലാ ശാസനങ്ങളിലും കേരളത്തില്‍ രാമായണം വായിച്ചതിന്റെ ഒരു ചരിത്രവുമില്ല. വാഴപ്പിള്ളി ശാസനം മുതലിങ്ങോട്ട് ധാരാളം ശിലാലിഖിതങ്ങളുണ്ട്. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകളെന്ന് പറഞ്ഞ് പുതുശ്ശേരി രാമചന്ദ്രന്‍ അതെല്ലാം സംശോധനം ചെയ്ത് പഠനം പുറത്ത് വന്നിട്ടുണ്ട്. എംജിഎസ് നാരാണയന്‍ പെരുമാള്‍സ് ഓഫ് കേരളയില്‍ ധാരാളം ചരിത്ര ലിഖിതങ്ങളുള്‍പ്പെടുത്തി പഠനം നടത്തിയിട്ടുണ്ട്.
16ാം നൂറ്റാണ്ടു മുതല്‍ 19ാം നൂറ്റാണ്ട് ഉത്തരാര്‍ദ്ധം വരെയുള്ള വ്യത്യസ്ത ഗ്രന്ഥ വരികള്‍ നമുക്ക് ലഭ്യമാണ്. അതിലെ പല ഗ്രന്ഥ വരികളും മഹാത്മാഗാന്ധി സര്‍വകലാശാലയാണ് പ്രസിദ്ധീകരിച്ചത്. പ്രത്യേകിച്ച് രാജന്‍ ഗുരുക്കള്‍ വൈസ് ചാന്‍സലര്‍ ആയിട്ട് വരുന്ന സമയത്താണ് അത് പലതും പുറത്തു വന്നിട്ടുള്ളതെന്നതാണ് രസകരം. ഈ ഗ്രന്ഥ വരികളിലൊന്നും തന്നെ കേരളത്തിലെ ക്ഷേത്രങ്ങളില്‍ രാമായണം വായിച്ചുവെന്ന് പറയുന്ന ഒരു വരി പോലും ഇല്ല. മഹാഭാരത പട്ടത്താനം എന്നു പറയുന്ന മഹാഭാരത പാരായണം നടന്നിരുന്നു എന്നും ശ്യാംകുമാർ പറയുന്നു



