ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടി. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 111 രൂപയാണ് വർധിപ്പിച്ചത്. ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിലാവുകയും ചെയ്തു.
അതേസമയം 14 കിലോയുടെ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. 1739.5 രൂപയായിരുന്നത് 1849.50 ആയി ഉയർന്നു. ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 1691.50 രൂപയായി. നേരത്തേ ഇത് 1580.50 രൂപയായിരുന്നു.
തിരുവനന്തപുരത്ത് 1719 രൂപയ്ക്കാണ് ഇനി മുതൽ വാണിജ്യ സിലിണ്ടർ ലഭിക്കുക. കൊൽക്കത്തയിലെ വില 1684 രൂപയിൽ നിന്ന് 1795 ആയി ഉയർന്നു. മുംബൈയിൽ നേരത്തേ 1531.50 രൂപയ്ക്കാണ് കിട്ടിയിരുന്നതെങ്കിൽ വ്യാഴാഴ്ച മുതൽ വാണിജ്യ എൽപിജി സിലിണ്ടർ 1642.50 രൂപയ്ക്കാണ് ലഭ്യമാവുക.
ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ് വരുത്തിയിരുന്നു. ഡൽഹിയിലും കൊൽക്കത്തയിലും 10 രൂപയും മുംബൈയിലും ചെന്നൈയിലും 11 രൂപയുമാണ് കുറച്ചത്.
ഹോട്ടലുകൾ ഉൾപ്പടെയുള്ള ഇടങ്ങളിൽ വാണിജ്യ സിലിണ്ടറുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാൽ നിരക്ക് കൂട്ടിയ നടപടി വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിലിലാണ് അവസാനമായി കൂട്ടിയത്.



