കേരള രാഷ്ട്രീയത്തിൽ നിർണായകമായ മാറ്റത്തിന് തുടക്കം കുറിച്ച് എൻഡിഎ മുന്നണി. ട്വന്റി-20 ഔദ്യോഗികമായി എൻഡിഎയിൽ ലയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി-20 ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്.
കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്വന്റി-20യുടെ എൻഡിഎ പ്രവേശനം, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ബിജെപിക്ക് രാഷ്ട്രീയമായി ശ്രദ്ധേയമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ബിസിനസ് മോഡലിനെ ആധാരമാക്കി വികസനവും ജനക്ഷേമവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയ കൂട്ടായ്മയാണ് ട്വന്റി-20യെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കുന്നു.
കിറ്റക്സ് ഗ്രൂപ്പ് എംഡി സാബു എം. ജേക്കബിന്റെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് ആരംഭിച്ച ജനകീയ കൂട്ടായ്മയാണ് ട്വന്റി 20. മുഖ്യധാര രാഷ്ട്രീയ പാർട്ടികൾക്കെതിരായ വികസന രാഷ്ട്രീയ മുദ്രാവാക്യവുമായി രംഗത്തെത്തിയ സംഘടന, പിന്നീട് രാഷ്ട്രീയ പാർട്ടിയുടെ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു. കിഴക്കമ്പലവും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ഭരണാധികാരം പിടിച്ചെടുത്ത ട്വന്റി 20, പിന്നീട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും ട്വന്റി 20 സ്ഥാനാർത്ഥികളെ രംഗത്തിറക്കിയെങ്കിലും വലിയ വിജയങ്ങൾ നേടാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും കുന്നത്തനാട് ഉൾപ്പെടെ ചില തദ്ദേശ സ്ഥാപനങ്ങളിൽ സാന്നിധ്യം നിലനിർത്താൻ സംഘടനയ്ക്ക് കഴിഞ്ഞിരുന്നു. കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെയുള്ള നഗരസഭകളിലും ട്വന്റി 20 മത്സര രംഗത്ത് ഉണ്ടായിരുന്നു.
എൻഡിഎയിൽ ട്വന്റി 20യെ ഉൾപ്പെടുത്തുന്നതിലൂടെ ‘വികസന രാഷ്ട്രീയം’ എന്ന ആശയം ശക്തിപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്. ന്യൂനപക്ഷ സാന്നിധ്യമുള്ള മേഖലകളിൽ അടക്കം ട്വന്റി 20യ്ക്ക് സ്വാധീനം ഉള്ളതായതിനാൽ, എൻഡിഎയ്ക്ക് അധിക വോട്ടുകൾ സമാഹരിക്കാൻ ഈ നീക്കം സഹായകമാകുമെന്നാണ് വിലയിരുത്തൽ. എറണാകുളം ജില്ലയിലുപരി സംസ്ഥാനത്തിന്റെ വിവിധ മണ്ഡലങ്ങളിൽ എൻഡിഎയുടെ ഘടകകക്ഷിയായി ട്വന്റി 20 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന തരത്തിലുള്ള സീറ്റ് ധാരണയും പരിഗണനയിലുണ്ടെന്നാണ് സൂചന.
മുമ്പ് പലതവണ എൻഡിഎയുമായി സഹകരണമെന്ന ചർച്ച ഉയർന്നപ്പോൾ സാബു എം. ജേക്കബ് അത് നിഷേധിച്ചിരുന്നെങ്കിലും, ദേശീയ തലത്തിൽ നടന്ന കൂടിയാലോചനകൾക്ക് പിന്നാലെയാണ് ഇപ്പോഴത്തെ ധാരണയിലേക്ക് കാര്യങ്ങൾ നീങ്ങിയത്. ഡൽഹിയിൽ നടന്ന ചർച്ചകളിലാണ് പ്രാഥമിക ധാരണ രൂപപ്പെട്ടതെന്നും, അതിന് ശേഷം സംസ്ഥാന തലത്തിൽ ഫോർമുല അന്തിമമാക്കിയതാണെന്നും രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നു.
എൻഡിഎ വിപുലീകരണത്തിന്റെ ഭാഗമായി ട്വന്റി 20യുടെ പ്രവേശനം ബിജെപിക്ക് നിർണായക നേട്ടമായി മാറുമെന്നാണ് വിലയിരുത്തൽ. വികസന രാഷ്ട്രീയത്തെ മുൻനിരയിൽ കൊണ്ടുവരുന്ന പ്രചാരണത്തിന് ഇത് കരുത്ത് നൽകുമെന്നും, നിയമസഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ലക്ഷ്യമിടുന്ന എൻഡിഎയുടെ തന്ത്രത്തിലെ പ്രധാന ഘടകമാകുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.



