ഹേമകമ്മറ്റിക്ക് മുന്നിൽ നൽകിയ സാക്ഷിമൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായി, ആർക്കും സാക്ഷിമൊഴികൾ മുഴുവനായും നൽകിയില്ല. ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥർക്ക് പഠിച്ചു റിപ്പോർട്ട് തയ്യാറാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. എല്ലാവർക്കും വിവരാവകാശ പരിധിയിൽ നിന്നും ഒഴിവാക്കിയ ഭാഗങ്ങൾ നൽകിയിട്ടുമുണ്ട്. സാക്ഷിമൊഴികളുടെ പകർപ്പ് അന്വേഷണ സംഘാംഗങ്ങൾ ഇന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് കൈമാറണം.
ആരും പകർപ്പ് എടുക്കരുതെന്ന് നിർദേശമുണ്ട്. റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നത് ഒരിക്കലും പോലീസിൽ നിന്നല്ല എന്നാണ് ക്രൈംബ്രാഞ്ച് സ്ഥിതീകരിക്കുന്നത്. എന്നാൽ റിപ്പോർട്ടിലെ വിവരങ്ങൾ ചോർന്നതിൽ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ച് നിർദേശിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ നിർണായക യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.സർക്കാരിന് സമർപ്പിക്കാനുള്ള ആക്ഷൻ ടേക്കൺ റിപ്പോർട്ടിന് യോഗം രൂപം നൽകും.
ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും റിപ്പോർട്ടിൻമേൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്ന ചോദ്യമാണ് ഉയർന്നത്. പരാതിയുമായി ആരെങ്കിലും മുന്നോട്ട് വന്നാൽ കേസ് രജിസ്റ്റർ ചെയ്യും എന്നതായിരുന്നു സർക്കാർ നിലപാട്.പിന്നീട് ഹൈക്കോടതി ഈ വിഷയത്തിൽ ഇടപെടുകയും റിപ്പോർട്ടിന്റെ പൂർണ്ണരൂപം സ്‌പെഷ്യൽ അന്ന്വേഷണ സംഘത്തിന് കൈമാറാൻ നിർദേശിക്കുകയും ചെയ്യ്തിരുന്നു.



