അരിയിൽ ഷുക്കൂർ വധക്കേസിൽ സി പി എം നേതാക്കളായ പി ജയരാജനും , ടി വി രാജേഷും നൽകിയ വിടുതൽ ഹർജി തള്ളി. കൊച്ചിയിലെ പ്രത്യേക സി ബി ഐ കോടതിയാണ് ഇരുവരുടെയും ഹർജി തള്ളിയത്. ഇരുവർക്കുമെതിരെ സി ബി ഐ ഗൂഡലോചന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ഈ കൊലപതകത്തിനു ഗൂഢാലോചന നടന്നതായുള്ള സാക്ഷി മൊഴികളും, കൂടാതെ പി ജയരാജനും , രാജേഷിനും ഇതിൽ പങ്കുണ്ടെന്നുള്ള ഫോൺ രേഖകളും ,അല്ലാതെയുള്ള സാക്ഷി മൊഴികളും , സാഹചര്യ തെളിവുകളും ഉണ്ടെന്ന് ഷുക്കൂറിന്റെ ഉമ്മയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.
എംഎസ്എഫിന്റെ പ്രാദേശിക പ്രവർത്തകനായിരുന്നു ഷുക്കൂർ, 2012 ഫെബ്രുവരി 20 നാണ് കൊല്ലപ്പെട്ടിരുന്നത്, സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം.
തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും, രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ വീണ്ടും അരിയിൽ ഷുക്കൂർ വധക്കേസ് ചർച്ചയായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബല വകുപ്പുകള്‍ ചുമത്താന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടെന്ന ആരോപണവുമായി അഭിഭാഷകന് ടി പി ഹരീന്ദ്രന്‍ രംഗത്തെത്തിയിരുന്നു.



