അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷോര്‍ട്ട് സെല്ലര്‍ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ കടന്നാക്രമിച്ച് ബിജെപി രംഗത്തെത്തിയിരുന്നു ഈ അടുത്ത ദിവസം, എന്നാൽ യുഎസ് നിക്ഷേപകനായ ജോര്‍ജ് സോറോസാണ് ഹിന്‍ഡന്‍ബര്‍ഗിലെ പ്രധാന നിക്ഷേപകനെന്നും ബി ജെ പിക്കാർ ആരോപിക്കുന്നു. നരേന്ദ്രമോദിയോടുള്ള എതിർപ്പിന്റെ പേരിൽ കോൺഗ്രസ് രാജ്യത്തിനെതിരെ വിദ്വേഷം വളർത്തുകയാണെന്നു ബിജെപി എംപി രവിശങ്കർ പ്രസാദ് ആരോപിച്ചു.
കൂടാതെ ഓഹരി വിപണിയെ അസ്ഥിരപ്പെടുത്താനും ചെറുകിട നിക്ഷേപകരെ ദ്രോഹിക്കാനുമാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. അദാനി ഗ്രൂപ്പ് കമ്പനികളിൽ നിക്ഷേപം നടത്തിയ വിദേശ സ്ഥാപനങ്ങളിൽ സെബി ചെയർമാൻ മാധബി പുരി ബുച്ചിനും ഭർത്താവിനും നിക്ഷേപങ്ങളുണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രവിശങ്കറിന്റെ ഈ പ്രതികരണം.
ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷൻ സ്ഥാപകനായ ജോർജ് സോറോസ് നരേന്ദ്ര മോദിയുടെ കടുത്ത വിമർശകനാണ്. മുൻകാലങ്ങളിൽ ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയ തകിടം മറിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് സോറോസ് ആരോപിച്ചിരുന്നു.



