മൂന്ന് ദിവസത്തെ യുഎസ് സന്ദർശനം വിജയകരമായി പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് മടങ്ങി. ക്വാഡ് ലീഡേഴ്സ് ഉച്ചകോടിയിലും, യുഎൻ ഉച്ചകോടിയിലും പങ്കെടുക്കുന്നതിനായിരുന്നു പ്രധാനമന്ത്രിയുടെ ഇപ്പോളുള്ള ഈ യുഎസ് സന്ദർശനം. സുപ്രധാനമായ യുഎസ് സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേക്ക് തിരിച്ചതായി വിദേശകാര്യമന്ത്രാലയം സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചു.
ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറമെ ജാപ്പനീസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രിമാരുമായും അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തി. അമേരിക്കയുമായി പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിനും ജോ ബൈഡനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. ഇതിന് പുറമെ ഇന്ത്യയിൽ നിന്ന് വർഷങ്ങൾക്ക് മുൻപ് കടത്തിക്കൊണ്ടുപോയ 297 പുരാവസ്തുക്കൾ തിരിച്ചയയ്ക്കാനും ധാരണയായി. ക്വ്ാഡ് ഉച്ചകോടിക്ക് ശേഷം ലോംഗ് ഐലൻഡിൽ യുഎസിലെ പ്രവാസി സമൂഹത്തേയും പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.



