സ്കൂളിന് സമീപം ബാർ തുറക്കാൻ സ്കൂളിന്റെ ഗേറ്റ് മാറ്റി തിരുവനന്തപുരം നഗരസഭ. എസ്എംവി ഗവൺമെന്റ് എച്ച്എസ്എസ് സ്കൂളിന്റെ ഗേറ്റാണ് ഇപ്പോൾ പൊളിച്ചു പണിയുന്നത്. ഇതിനു പിന്നിൽ തിരുവനന്തപുരം നഗരസഭയുടെയും, മേയറുടെയും പ്രത്യേക താൽപര്യമാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്കൂള്‍ പ്രവേശന കവാടത്തില്‍ നിന്ന് 200 മീറ്റര്‍ ദൂരപരിധി പാലിച്ചാല്‍ മാത്രമേ ബാര്‍ ലൈസന്‍സ് ലഭിക്കുകയുള്ളു. എന്നാൽ നിലവില്‍ സ്കൂളിന്റെ പ്രവേശന കവാടവും, ബാറും തമ്മില്‍ വലിയ ദൂരപരിധി പോലുമില്ല.
എന്നാല്‍ ബാര്‍ റോഡിന്റെ മറുവശത്ത് ആയതിനാല്‍ ഓവര്‍ബ്രിഡ്ജ് ചുറ്റിയോ ആയുര്‍വേദ ജങ്ഷന് ചുറ്റിയോ ആണ് ദൂരപരിധി കണക്കാക്കുന്നത്. അങ്ങനെ നോക്കിയാല്‍പ്പോലും 200 മീറ്റര്‍ പരിധി എത്തുന്നില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് സ്കൂള്‍ ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റുന്ന പണി നടക്കുന്നത്. ഈ സംഭവത്തിൽ എബിവിപി പ്രതികരിച്ചു എന്നാൽ സമരം ചെയ്ത എബിവിപി പ്രവർത്തകരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ സംഘടിച്ചെത്തി മർദ്ദിക്കുകയായിരുന്നു.
അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗേറ്റിൽ നിന്നും കൃത്യമായ അകലം പാലിച്ചുവേണം ലഹരി വസ്തുക്കൾ വിൽക്കാനെന്നാണ് നിയമം. ഇത് പാലിക്കാതെ ബാർ തുറക്കാനാകില്ല. നിയമത്തിന്റെ കണ്ണിൽ പൊടിയിടാനായിട്ടാണ് സ്കൂളിന്റെ ഗേറ്റ് മാറ്റി പണിയുന്നത്. എന്നാൽ ദ്രുതഗതിയിലാണ് ഇവിടെ പണി പുരോഗമിക്കുന്നതെന്നും . പുതിയ മാസ്റ്റര്‍ പ്ലാനില്‍ റോഡ് വികസനം ശുപാര്‍ശ ചെയ്തിരിക്കുന്നതിനാലാണ് സ്കൂളിന്റെ ഗേറ്റ് ഉള്ളിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതെന്നുമാണ് കോര്പ്പറേഷന് വ്യക്തമാക്കുന്നത്.



