ആലപ്പുഴ: സഹോദരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ കേസിലെ പ്രതി ബെന്നിയെ ഇന്ന് വീട്ടിലെത്തിച്ച് തെളിവെടുക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറ് വടക്കുംപറമ്പിൽ റോസമ്മ (58) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന് ബെന്നി (63) പൊലീസിന്റെ പിടിയിലായിരുന്നു. റോസമ്മ സഹോദരനൊപ്പമായിരുന്നു താമസം.
റോസമ്മയെ 18 മുതൽ കാണാനില്ലായിരുന്നു. തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്ന് ബെന്നി തന്നെ പിന്നീട് വെളിപ്പെടുത്തുകയായിരുന്നു. സംഭവ ദിവസം റോസമ്മ പുനർവിവാഹം ചെയ്യുന്നതിനെ ബെന്നി ചോദ്യം ചെയ്തു തർക്കത്തിനിടെ ബെന്നിയുടെ മരിച്ചു പോയ ഭാര്യയെക്കുറിച്ചു റോസമ്മ അപവാദം പറഞ്ഞു ഇതിൽ പ്രകോപിതനായ ബെന്നി റോസമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പായതിന് ശേഷം വീടിന്റെ പിന്‍ഭാഗത്ത് കൊണ്ടുപോയി കുഴിച്ചിട്ടു എന്നാണ് ബെന്നി പോലീസിന് നൽകിയ മൊഴി.