കനത്ത മഴയിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ വെസ്റ്റ് സുമാത്രയിയിലുണ്ടായ മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും 37 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേരെ കാണാതായി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രവിശ്യാ റെസ്‌ക്യൂ ടീം മേധാവി പറഞ്ഞു.
പുഴകളിൽ വെള്ളപ്പൊക്കവുംപലയിടത്തും ഉരുൾപൊട്ടലുണ്ടായി. വെള്ളപ്പൊക്കത്തിനൊപ്പം അഗ്നിപർവ്വതത്തിന്റെ തണുത്ത ലാവയും പടർന്നു പ്രവഹിക്കുകയായിരുന്നു. ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചു.
മഴയത്ത് അഗ്നിപർവ്വതത്തിന്റെ ചരിവുകളിൽ ഒഴുകുന്ന അഗ്നിപർവ്വത പദാർത്ഥങ്ങളുടെയും ഉരുളൻ കല്ലുകളുടെയും മിശ്രിതമായ ലാഹാർ എന്നറിയപ്പെടുന്ന തണുത്ത ലാവാപ്രവാഹമാണ് ദുരന്തകാരണം.
ദേശീയ ദുരന്തനിവാരണ സേന രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മരണസംഖ്യയും നാശനഷ്ടവും കൂടാനാണു സാധ്യതയെന്നാണ് വിവരം.