ഇടവമാസ പൂജയ്ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. മെയ് 15നാണ് ഇടവം ഒന്ന്. പമ്പ നിലയ്ക്കല്‍ റൂട്ടില്‍ 50 ബസുകളും, പത്തനംതിട്ടയിൽ പതിനഞ്ചും, കുമളിയിൽ അഞ്ചും ബസുകൾ സ്‌പെഷ്യൽ സർവീസായി അനുവദിച്ചിട്ടുണ്ട്. 18നാണ് പ്രതിഷ്ഠാ ദിനാഘോഷം. ഇന്ന് വൈകിട്ട് അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി പിഎൻ മഹേഷ് നമ്പൂതിരി അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്ര സന്നിധിയിൽ മേൽശാന്തി പിഎൻ മുരളി നമ്പൂതിരിയും ക്ഷേത്ര ശ്രീകോവിൽ നട തുറക്കും. മേൽശാന്തി ഗണപതി, നാഗർ എന്നീ ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകൾ തെളിയിച്ചശേഷം പതിനെട്ടാം പടിക്ക് മുൻവശത്തായുള്ള ആഴിയിൽ അഗ്നി പകരും. തുടർന്ന് തന്ത്രിയും മേൽശാന്തിയും അയ്യപ്പ ഭക്തർക്ക് പ്രസാദം വിതരണം ചെയ്യും
നട തുറക്കുന്ന ഇന്ന് ശബരിമല അയ്യപ്പ സന്നിധിയിലും മാളികപ്പുറം ക്ഷേത്രത്തിലും പൂജകൾ ഒന്നും തന്നെ ഉണ്ടാകില്ല. എന്നാൽ ഭക്തർക്ക് ദർശനം നടത്താം. രാത്രി 10 മണിക്ക് ഹരിവരാസനം പാടി തിരുനട അടക്കും. പിന്നീട് ഇടവം ഒന്നായ നാളെ പുലർച്ചെ അഞ്ചു മണിക്ക് തുറക്കും. അഞ്ച് ദിവസത്തെ പൂജകൾ പൂർത്തിയാക്കി ക്ഷേത്ര തിരുനട 19ന് രാത്രി 10 മണിക്ക് ഹരിവരാസനം പാടി അടയ്ക്കും.
You must be logged in to post a comment Login