ഗരുഡ പ്രീമിയം ബസ്സിനെതിരെ നടക്കുന്നആരോപണങ്ങൾ അസത്യമാണെന്നും ബസ് സർവ്വീസ് ലാഭകരവും യാത്രക്കാരിൽ നിന്ന് നല്ല പിന്തുണയുള്ളതുമാണെന്ന് കെഎസ്ആർടിസി. പുതിയ സർവീസിനെ യാത്രക്കാർ കയ്യൊഴിഞ്ഞെന്ന വാർത്ത തീര്‍ത്തും അടിസ്ഥാനരഹിതവും അവാസ്തവവുമാണന്ന് പറഞ്ഞുകൊണ്ടാണ് വിശദീകരണം.
മെയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചതു മുതല്‍ 15-ാം തിയ്യതി വരെയുള്ള കാലയളവില്‍ കിലോമീറ്ററിന് ശരാശരി 63.27 രൂപ കളക്ഷന്‍ നേടി വിജയകരമായി സര്‍വീസ് തുടരുകയാണെന്നും കെഎസ്ആർടിസി അറിയിച്ചു. പൊതുവെ യാത്രക്കാര്‍ കുറവായ ബുധനാഴ്ച ദിവസം ഒഴികെ ബാക്കി ദിവസങ്ങളില്‍ പ്രതിദിനം കിലോമീറ്ററിന് 60.77 രൂപ മുതല്‍ 85.26 രൂപ വരെ കളക്ഷന്‍ നേടാനായിട്ടുണ്ട്.
ഇതിനോടകം 450 ല്‍ കൂടുതല്‍ യാത്രക്കാര്‍ ഗരുഡ പ്രീമിയം സര്‍വീസില്‍ യാത്ര ചെയ്തു കഴിഞ്ഞു. 15-ാം തിയതി വരെയുള്ള കണക്കനുസരിച്ച് പ്രതിദിനം 46,000 രൂപയ്ക്ക് മുകളില്‍ വരുമാനം ബസിൽ നിന്നും ലഭിക്കുന്നുണ്ട്.



