പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ 13 പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷകളില്‍ സിബിഐ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കിയേക്കും.
ജാമ്യാപേക്ഷകളില്‍ പ്രത്യേകം വാദം കേള്‍ക്കണമെന്നാണ് സിബിഐയുടെ ആവശ്യം. കേസില്‍ പ്രാഥമിക കുറ്റപത്രം സിബിഐ അന്വേഷണ സംഘം വിചാരണ കോടതിയില്‍ നല്‍കിയിട്ടുണ്ട്. ഫെബ്രുവരി 18ന് ആണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. കോളേജ് ക്യാമ്പസിനകത്ത് നിരവധി കുട്ടികളുടെ മുന്നിലാണ് ക്രൂരമായ സംഭവമുണ്ടായത്. അതാണ് മരണത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സിദ്ധാർത്ഥൻ്റെ കേസിൽ ഗൂഡാലോചന സംബന്ധിച്ച തുടരന്വേഷണമാണ് പുരോഗമിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് സിബിഐയുടെ നിലപാട്. പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സിദ്ധാര്‍ത്ഥന്റെ അമ്മയും ഓരോ കേസിലും കക്ഷി ചേര്‍ന്നിട്ടുണ്ട്.