ജമ്മു കാശ്‌മീരിൽ നടന്ന ഏറ്റുമുട്ടലിൽ സിആർപിഎഫ് ജവാന് വീരമൃത്യു. കബീൻ ദാസെന്ന ജവനാണ് മരിച്ചത്. കത്വ ജില്ലയിലെ സെെദ സുഖാൽ ഗ്രാമത്തിൽ ഇന്നലെ രാത്രിയുണ്ടായ ആക്രമണം ഇന്ന് പുലർച്ചെയും തുടർന്നു. ഇതിനിടെയാണ് ജവാന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് ഇദ്ദേഹത്തെ സെെനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതിനിടെ ഇന്ന് പുലർച്ചെ ദോഡ ജില്ലയിലെ ഛട്ടാർഗാല മേഖലയിലും വെടിവയ്പ്പ് ഉണ്ടായി. അഞ്ച് സെെനികർക്കും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസർക്കും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. സ്ഥലത്ത് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
സെെനിക പോസ്റ്റിൽ ആക്രണം നടത്തിയ ഒരു ഭീകരനെ സെെന്യം വധിച്ചെന്നാണ് റിപ്പോർട്ട്. മൂന്നു ദിവസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്.