നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മുപ്പതോളം ഹർജികൾ ഒരുമിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പരിഗണിക്കുക. നീറ്റ് യുജി പ്രവേശനത്തിനുള്ള കൗൺസിലിങ് നടപടികൾ ജൂലൈ മൂന്നാം വാരത്തിനു ശേഷം നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.
നീറ്റ് പരീക്ഷ വീണ്ടും നടത്തുക എന്നത് പ്രായോഗികമല്ല എന്ന നിലപാട് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷന് തയ്യാറെടുപ്പുകൾ ആവശ്യമാണെന്നും സീറ്റുകളുടെ എണ്ണം ലഭിക്കണമെന്നും ആരോഗ്യമന്താലയം അറിയിച്ചു. കൗൺസിലിങിനായുള്ള തിയതി ഇതുവരെ ഔദോഗികമായി പ്രഖ്യാപിച്ചിട്ടില്ല. തീയതി തീരുമാനിച്ചാൽ എംസിസി സൈറ്റിലൂടെ അറിയിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂലൈ 20 ന് ആയിരുന്നു കൗൺസിലിങ് നടന്നത്. കൗൺസിലിങ് എന്ന് തുടങ്ങുമെന്ന ഔദ്യോഗിക അറിയിപ്പ് നൽകിയിരുന്നില്ലെന്നും അതിനാൽ മാറ്റി വെച്ചു എന്ന റിപ്പോർട്ടുകൾക്ക് അടിസ്ഥാനമില്ലെന്നുമാണ് കേന്ദ്ര സർക്കാർ പറയുന്നത്. നീറ്റിൽ എന്താണ് നടക്കുന്നതെന്ന് രാജ്യത്തോട് കേന്ദ്രം വിശദീകരിക്കണമെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നു.