വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് എട്ടാം ദിനത്തില്‍. ഇതുവരെ 392 പേരാണ് മരണമടഞ്ഞത്. 180ലേറെ പേരെ കണ്ടെത്താനുണ്ട്. ഇന്ന് സൂചിപ്പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ച് തിരച്ചിൽ നടത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു.
ദുരന്തമേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പും ഇന്ന് തുടങ്ങും. നഷ്ടപരിഹാരം കണക്കാക്കാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കും. പൊളിച്ചുമാറ്റേണ്ടവയുടെ കണക്കും പൊതുമരാമത്ത് വകുപ്പ് ശേഖരിക്കും.
തിരിച്ചറിയാനാകാത്ത നിലയിലുള്ള 31 മൃതദേവും 154 ശരീരഭാഗങ്ങളും ഇന്നലെ മാത്രം പുത്തുമലയില്‍ സംസ്കരിച്ചു. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമുള്ള സംസ്കാര ചടങ്ങുകൾ അർധരാത്രി വരെ നീണ്ടു. രണ്ട് ദിവസം കൊണ്ട് സംസ്കരിച്ചത് 39 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുമാണ്.



