ഹേമ കമ്മീഷൻ റിപ്പോർട്ടിനു പിന്നാലെ ഡബ്ല്യൂസിസി സ്ഥാപക അംഗത്തിനെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പോസ്റ്റ് ചെയ്ത പ്രസ്താവനക്കുറിപ്പാണ് മഞ്ജു വാര്യർ പങ്കുവച്ചത്. ‘അനിവാര്യമായ വിശദീകരണം’ എന്നാണ് മഞ്ജു കുറിച്ചത്.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ഡബ്ല്യൂസിസിയിലെ ഒരംഗം സിനിമയിൽ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറഞ്ഞതായി വാർത്തകൾ വന്നിരുന്നു. അത് മഞ്ജു വാര്യർ ആണ് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതോടെയാണ് വിശദീകരണവുമായി ഡബ്ല്യൂസിസി തന്നെ രംഗത്തെത്തിയത്.
അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് WCC കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്. ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.- ഡബ്ല്യൂസിസി കുറിച്ചു.



