‘ചിലതിന് വില കൂടും ചിലതിന് കുറയും’സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വിലവര്‍ധനവിനെ ന്യായീകരിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വർധിപ്പിച്ചത്. എട്ട് മാസമായി പഞ്ചസാര ഇല്ലായിരുന്നു.
സപ്ലൈക്കോ വില കൂട്ടിയത് പർച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്‍റെ വിശദീകരണം. വില കൂടിയ സാധനങ്ങള്‍ക്ക് ഇപ്പോഴും പൊതു വിപണിയേക്കാള്‍ 30% ത്തോളം വില കുറവ് ഉണ്ടെന്നും, സപ്ലൈക്കോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ഔട്ട് ലെറ്റിലും സാധനങ്ങള്‍ എത്തിയിട്ടുണ്ട്. ഇന്നലെ മാത്രം എട്ട് കോടി രൂപയുടെ വില്‍പ്പന നടന്നു. ചെറുപയര്‍, വെളിച്ചെണ്ണ, മുളക് എന്നിവയുടെ വില കുറച്ചുവെന്നും ജി ആര്‍ അനില്‍ ചൂണ്ടിക്കാട്ടി. കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരി കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്‍റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂടി 33 രൂപയായി ഉയർന്നു. മുൻപ് 27 രൂപയായിരുന്നു.