സിംഗപ്പൂരിലെയും ബ്രൂണെയിലെയും മൂന്ന് ദിവസത്തെ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി. “എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനം നൽകുകയും ചെയ്യും. സിംഗപ്പൂരിലെ സർക്കാരിനും ജനങ്ങൾക്കും അവർ നൽകിയ ഊഷ്മള സ്വീകരണത്തിനും ഞാൻ നന്ദി പറയുന്നു,” സിംഗപ്പൂർ സന്ദർശനത്തിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് പ്രധാനമന്ത്രി സോഷ്യൽമീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ദിവസം സിംഗപ്പൂർ പാർലമെന്റ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങും കൂടിക്കാഴ്ച നടത്തിയിരുന്നു. സിംഗപ്പൂരിലെത്തുന്നതിന് മുൻപ് പ്രധാനമന്ത്രി ബ്രൂണെയിലും ഔദ്യോഗിക സന്ദർശനം നടത്തിയിരുന്നു.



