വീണ്ടും ചരിത്രം കുറിക്കാനൊരുങ്ങി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തിന്‍റെ പുറം കടലില്‍ നങ്കൂരമിട്ടു. കപ്പൽ എത്തുന്നത് മലേഷ്യയിൽ നിന്നാണ്. ഇന്ന് (സെപ്‌റ്റംബര്‍ 13) ഉച്ചയ്ക്ക് 2 മണിയോടെ കപ്പലിനെ തുറമുഖത്തോട് അടുപ്പിച്ചു.
രാജ്യത്ത് എത്തുന്ന ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലാണ് എംഎസ്‌സിക്ലാഡ് ഗിരാര്‍ഡോയെന്ന് തുറമുഖ അധികൃതര്‍ അവകാശപ്പെടുന്നു. 24116 ടിഇയു അഥവാ ട്വന്‍റി ഫൂട്ട് ഇക്വലന്‍റ് യൂണിറ്റാണ് എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോയുടെ കണ്ടെയ്‌നര്‍ ശേഷി. 399 മീറ്റര്‍ നീളമുള്ള കപ്പലിന് 61.5 മീറ്ററാണ് വീതി. 16.7 മീറ്ററാണ് കപ്പലിന്‍റെ ആഴം. മണിക്കൂറുകള്‍ മാത്രമേ കപ്പല്‍ തുറമുഖത്തുണ്ടാകൂവെന്നും തുറമുഖ അധികൃതര്‍ അറിയിച്ചു.
ലോകത്തെ നാലാമത്തെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ എത്തുന്ന ഏറ്റവും വലിപ്പമേറിയ കപ്പലാണെന്ന പ്രത്യേകതയുമുണ്ട്.



