ബിഹാറിലെ സിവാൻ, സരൺ ജില്ലകളിലുണ്ടായ വ്യാജ മദ്യ ദുരന്തത്തിൽ മരണം 28 ആയി ഉയർന്നു.ഇതുവരെയും 92 പേർ ചികിത്സയിൽ . ദുരന്ത കാരണം മദ്യത്തിൽ മീഥൈയിൽ ആൽക്കഹോൾ കലർത്തിയതാണ്ന്നാണ് പ്രാഥമിക വിവരം. ഈ സംഭവത്തിൽ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഉന്നതതല അവലോകന യോഗം നടത്തി. സംഭവത്തിൽ 25 പേരെ അറസ്റ്റ് ചെയ്തു. ഈ ദുരന്തത്തിൽ ഗുരുതരാവസ്ഥയിലായ 13 പേരെ ചികിത്സയ്ക്കായി പിഎംസിഎച്ച് പട്‌നയിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥരോട് സ്ഥലം സന്ദർശിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അന്വേഷണ സംഘങ്ങളായാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ദുരന്തത്തിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. മദ്യപാനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മരണങ്ങൾ വർധിക്കുന്നതായി പ്രതിപക്ഷം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് മദ്യനിരോധനം നിലവിലുണ്ടെങ്കിലും വ്യാജമദ്യത്തിന്റെ അനധികൃത വിൽപ്പന വ്യാപകമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ആരോപിച്ചു.



