ഐക്യകേരളപ്പിറവിക്ക് ഇന്ന് അറുപത്തെട്ട് വയസ്. വികസന നേട്ടങ്ങളുടേയും, സമൂഹമെന്ന നിലയിൽ നേരിടുന്ന വലിയ വെല്ലുവിളികളുടേയും നടുവിലൂടെയാണ് കേരള൦ കഴിഞ്ഞ ഒരുവര്‍ഷം കടന്ന് പോയത്. പ്രതിസന്ധികളെ ഒരുമിച്ച് നേരിട്ട കേരള ജനത പുതിയ പ്രതീക്ഷകളോടെയാണ് കേരളപ്പിറവിയെ വരവേൽക്കുന്നത്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ നാട്ടുരാജ്യങ്ങൾ സംയോജിപ്പിച്ച് 1956 നവംബര്‍ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള ഇന്നത്തെ കേരളത്തിന്‍റെ രൂപീകരണം. മലയാള ഭാഷയുടെ മാത്രമല്ല, മതിലില്ലാത്ത മനസ്സുകളുടേയും മതേതര മൂല്യങ്ങളുടേയും കലവറയായിരുന്നു എന്നും കേരളം.
അക്ഷരം പഠിച്ച് സാക്ഷരതയിൽ ഒന്നാമതെത്തി, രാഷ്ട്രീയ ധാരണകൾ കെട്ടിപ്പടുത്ത് മാതൃകയായി, രാജ്യത്തിന്‍റെ സാമൂഹിക സാമ്പത്തിക ജീവിത നിലവാര സൂചികകളിൽ ഓടിയോടി മുന്നിലെത്തി, അങ്ങനെ നിരവധി നേട്ടങ്ങൾ ഇക്കാലയളവിൽ മലയാളക്കരക്ക് സ്വന്തമായി. എന്നും എവിടെയും പ്രതീക്ഷയുടെ പച്ചത്തുരുത്ത് അവശേഷിപ്പിക്കുന്നതാണ് കേരളത്തിന്‍റെ നന്മ. ഈ അങ്കത്തട്ടിൽ പതിനെട്ടടവും പയറ്റുന്ന ഉപതെരഞ്ഞെടുപ്പ് കാഹളത്തിന്‍റെ നടുക്കാണ് ഇത്തവണ കേരളത്തിന്‍റെ പിറന്നാളാഘോഷം. മൂല്യങ്ങളുടെ വീണ്ടെടുപ്പ് കാലം കൂടിയാകട്ടെ ഇതെന്ന് നമ്മൾക്ക് ആശ്വസിക്കാം, ‘എല്ലാവർക്കും കേരളപ്പിറവി ആശംസകൾ’



