ഭർതൃ വീട്ടുകാർ നടത്തുന്ന ബോഡി ഷെയ്മിങ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുമെന്ന് ഹൈക്കോടതി. ഈ ഉത്തരവ് ജസ്റ്റിസ് എ ബദറുദ്ദീനാണ് വ്യക്തമാക്കിയത്. ശാരീരികാവഹേളനം നടത്തുക , വിദ്യാഭ്യാസ യോഗ്യത പരിശോധിക്കുക എന്നീ പരാതികളുടെ അടിസ്ഥാനത്തിൽ ഭർത്താവിന്റെ മൂത്ത സഹോദരന്റെ ഭാര്യയ്ക്കെതിരേ ഗാർഹിക പീഡന നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കണ്ണൂർ കൂത്തുപറമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് ഇതിന്റെ ഹർജിക്കാരി.
ഭർത്താവും അമ്മായിയച്ഛനും ആണ് ഒന്നും രണ്ടും പ്രതികൾ. മൂവർക്കുമെതിരെ ഐപിസി സെക്ഷൻ 498 എ പ്രകാരമാണ് പോലീസ് കേസെടുത്തത്. യുവതിക്ക് നല്ല ശരീരാകൃതിയില്ലെന്നും ഭർത്താവിന്റെ സഹോദരന് കൂടുതൽ സുന്ദരിയായ യുവതിയെ ഭാര്യയായി ലഭിക്കുമെന്നും പറഞ്ഞ് ആക്ഷേപിച്ചെന്നായിരുന്നു പരാതി.
യുവതിയുടെ എംബിബിഎസ് യോഗ്യത സംബന്ധിച്ച് സംശയം പ്രകടിപ്പിക്കുകയും സർട്ടിഫിക്കറ്റ് പരിശോധിക്കുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നുണ്ട് . എന്നാൽ, ഇതൊന്നും ഗാർഹിക പീഡന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. എന്നാൽ ഈ വാദങ്ങൾ ഒന്നും കോടതി അംഗീകരിച്ചില്ല. സെക്ഷൻ 498 എ പ്രകാരം ഇത്തരം പ്രവൃത്തികൾ ഗാർഹിക പീഡനത്തിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹർജി തള്ളിയത്.



