ലോകത്തിന് ആശങ്കയായി കൊവിഡ് 19 പകർച്ചവ്യാധിയ്ക്ക് ശേഷം ചെെനയിൽ ഹ്യൂമൻ മെറ്റാപ് ന്യൂമോവൈറസ് പടരുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത് ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ഒരു ശ്വാസകോശ വൈറസാണ് HMPV.ഇത് എല്ലാ പ്രായത്തിലുള്ള ആളുകളിലും പടരുന്നു. കൊച്ചുകുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചുമ അല്ലെങ്കിൽ ശ്വാസം മുട്ടൽ, മൂക്കൊലിപ്പ് അല്ലെങ്കിൽ തൊണ്ടവേദന എന്നിവയാണ് ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
2001 ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. അതേസമയം എച്ച്എംപിവി വൈറസ് പടരുന്നു എന്ന വാർത്ത പുറത്ത് എത്തിയതിന് പിന്നാലെ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് ഡോക്ടര്‍ അതുല്‍ ഗോയല്‍ രംഗത്തെത്തിയിരുന്നു. ഇതിനെ കുറിച്ച് ആരോഗ്യ വിദഗ്ധർ പറയുന്നത് ഭയമല്ല മുന്‍കരുതലാണ് വേണ്ടതെന്നാണ്. ഇപ്പോൾ രാജ്യത്തെ ഈ പകർച്ചവ്യാധികളുടെ വ്യാപനം സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണം നടത്തിവരികയാണെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു. ഈ രോഗത്തിന് പ്രത്യേക ആന്റിവൈറൽ ചികിത്സയൊന്നുമില്ല എന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതുകൊണ്ടു തന്നെ അതിൻ്റെ വ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിരോധം പ്രധാനമാണെന്നും വിദഗ്ധർ പറയുന്നു. ജലദോഷത്തിന് കാരണമാകുന്ന മറ്റേതൊരു ശ്വാസകോശ വൈറസിനെയും പോലെയാണ് മെറ്റാപ്‌ന്യൂമോവൈറസ്. ആർക്കെങ്കിലും ചുമയും ജലദോഷവും ഉണ്ടെങ്കിൽ ആ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണമെന്നും ഡോ. അതുൽ പറഞ്ഞു.ജലദോഷമോ പനിയോ ഉള്ളപ്പോൾ ആവശ്യമായ സാധാരണ മരുന്നുകൾ കഴിക്കുക. അല്ലാത്തപക്ഷം നിലവിലെ അവസ്ഥയെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഈ രോഗം പടരുന്നു എന്നുള്ള വാർത്ത എത്തിയതിനു ശേഷം ആരോഗ്യമന്ത്രി വീണാ ജോർജ് തന്റെ ഫേസ് ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തി, ആശങ്ക വേണ്ടതില്ല, എന്നാൽ ഗർഭിണികൾ, പ്രായമുള്ളവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് അഭികാമ്യമാണെന്ന് പോസ്റ്റിൽ പറയുന്നു. HMPV വൈറസ്, കോവിഡ് 19 ന്റെ ചില വകഭേദങ്ങൾ, ഇൻഫ്ലുവൻസ എ വൈറസ്ബാധകൾ എന്നീ വൈറസ് ബാധകളാണ് പടരുന്നതായി റിപ്പോർട്ട് ചെയ്യുന്നതെന്നും എന്നാൽ ഇവയിൽ ഒന്നിലും മഹാമാരിയായി മാറത്തക്കവണ്ണം ഉള്ള ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതായി റിപ്പോർട്ടുകളില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.