പുല്ലുപാറ കെ എസ് ആർ ടി സി ബസപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്കുമാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നൽകുമെന്നും, പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് ഇങ്ങനൊരു അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഈ അപകടത്തിൽ നാല് പേർ മരിച്ചു, സംഭവത്തിന്റെ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് രാവിലെ നടന്ന ഈ അപകടത്തിൽ ദേശീയപാത വഴി വാഹനത്തിൽ എത്തിയവരാണ് രക്ഷാ പ്രവർത്തനം ആരംഭിച്ചത്.പിന്നാലെ തന്നെ പൊലീസും, ഫയർ ഫോഴ്സും ,മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
ഈ അപകടത്തിൽ മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്.ബസ്സിൽ ഉണ്ടായിരുന്നു 33 പേർക്ക് പരിക്കേട്ടിട്ടുണ്ട്. എന്നാൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അതിൽ മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനെയാണ് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്.ബാക്കി 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.
അപകടകാരണം വളവ് ഇറങ്ങിയപ്പോൾ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടുവെന്നാണ് ഡ്രൈവർ രാജീവ് കുമാർ പറഞ്ഞത്. നിലവിൽ ചികിത്സയിലുള്ളവരെല്ലാം ഇപ്പോൾ അപകടനില തരണം ചെയ്തു. മരിച്ചവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. കഴിഞ്ഞ ദിവസം പുലർച്ചയാണ് കെഎസ്ആർടിസി ബസ്സിൽ മാവേലിക്കരയിൽ നിന്നുള്ള സംഘം തഞ്ചാവൂരിലേക്ക് പോയത്.



