നിയമ സഭയിൽ ദേശീയ ഗാനം ആലപിച്ചില്ല; നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്‌നാട് ഗവർണ്ണർ ആർ എൻ രവി ഇറങ്ങിപ്പോയി

നിയമ സഭയിൽ ദേശീയ ഗാനം ആലപിച്ചില്ല, തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്‌നാട് ഗവർണ്ണർ ആർ എൻ രവി ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണർക്ക് ദേഷ്യമുണ്ടാകാൻ…

നിയമ സഭയിൽ ദേശീയ ഗാനം ആലപിച്ചില്ല, തമിഴ്നാട് നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ തമിഴ്‌നാട് ഗവർണ്ണർ ആർ എൻ രവി ഇറങ്ങിപ്പോയി. നിയമസഭയിൽ ദേശീയ ഗാനത്തിന് പകരം തമിഴ് തായ് വന്ദനം ആലപിച്ചതാണ് ഗവർണർക്ക് ദേഷ്യമുണ്ടാകാൻ കാരണം. രാജ്യത്തിന്റെ ഭരണഘടനയും ദേശീയ ഗാനവും തമിഴ് നാട് നിയമസഭയിൽ അപമാനിക്കപ്പെട്ടെന്ന് രാജ്ഭവൻ സോഷ്യൽ മീഡിയ പേജായ എക്‌സിൽ കുറിച്ചു. നമ്മുടെ ഭരണഘടന അനുശാസിക്കുന്ന പ്രഥമ മൗലിക കർത്തവ്യങ്ങളിൽ ഒന്നാണ് ദേശീയഗാനത്തെ ബഹുമാനിക്കുക എന്നത്.

എല്ലാ സംസ്ഥാന നിയമസഭകളിലും ഗവർണറുടെ പ്രസംഗത്തിൻ്റെ തുടക്കത്തിലും ,അവസാനത്തിലും ദേശീയ ഗാനം ആലപിക്കാറുണ്ട്. ഇന്ന് ഗവർണർ സഭയിൽ എത്തിയപ്പോൾ തമിഴ് തായ് വാഴ്ത്ത് മാത്രമാണ് ആലപിച്ചത്.ദേശീയ ഗാനം ആലപിച്ചിരുന്നില്ല. ഗവർണർ സഭയുടെ ഭരണഘടനാപരമായ കടമയെ ബഹുമാനപൂർവ്വം ഓർമ്മിപ്പിച്ചിരുന്നു. ദേശീയ ഗാനം ആലപിക്കാൻ സഭാ നേതാവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. എന്നാൽ അവർ അത് നിരസിച്ചു. ഭരണ ഘടനയോടും, ദേശീയ ഗാനത്തോടും ഇത്തരത്തിലുള്ള അനാദരവ് ഉണ്ടായതിന്റെ പേരിലാണ് തമിഴ്‌നാട് ഗവർണ്ണർ ആർ എൻ രവി ഇറങ്ങിപ്പോയതെന്നാണ് തമിഴ് നാട് രാജ്ഭവൻ എക്‌സിൽ കുറിച്ചിരിക്കുന്നത്.

അഭ്യർത്ഥന തഴയപ്പെട്ടതോടെ ഗവർണർ വേദനയോടെ സഭ വിട്ടെന്നാണ് രാജ്ഭവൻ്റെ വിശദീകരണം, അതേസമയം ഇത് മൂന്നാം തവണയാണ് ഗവർണർ ആർ എൻ രവി നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഇങ്ങനെ നിയമസഭ വിടുന്നത്. എന്നാൽ എല്ലാ സർക്കാർ പരിപാടിയുടെയും തുടക്കത്തിൽ തമിഴ് തായ് വന്ദനം ആലപിക്കുന്നതും അവസാനം ദേശീയ ഗാനം ആലപിക്കുന്നതാണ് കാലങ്ങളായി സംസ്ഥാനം തുടർന്ന് പോരുന്ന രീതിയെന്ന് തമിഴ്നാട് സർക്കാർ വ്യക്തമാക്കുകയും ചെയ്യുന്നു.അതേസമയം ഗവർണർ ഇറങ്ങിപ്പോയതിന് ശേഷം ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം നിയമസഭാ സ്പീക്കർ എം അപ്പാവു തമിഴിൽ വായിച്ചു.

Leave a Reply