ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആറ് തവണ കുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാൾ പോലീസ് കസ്റ്റഡിയിൽ. ഇയാളെ ചോദ്യം ചെയ്യലിനായി ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. മുംബൈയിലും സമീപ പ്രദേശങ്ങളിലും 20 ടീമുകളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമത്തിനിടെ നടന് കുത്തേറ്റത്. പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ബാന്ദ്രയിലെ വസതിയിൽ മോഷ്ടാക്കൾ ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ നടന് മുറിവുകൾ ഏറ്റിരുന്നു. നടന്റെ കൈയിലും കഴുത്തിലുമായി ആറ് മുറിവുകളേറ്റിട്ടുണ്ട്. ഇതിൽ നട്ടെല്ലിനടക്കമുള്ള രണ്ടുപരിക്കുകൾ ഗുരുതരമാണ്. നട്ടെല്ലിൽനിന്ന് രണ്ടര ഇഞ്ച് നീളമുള്ള കത്തി ശസ്ത്രക്രിയയിലൂടെ നീക്കിയതായി ആശുപത്രി സി.ഇ.ഒ. ഡോ. നീരജ് ഉത്തമാനി വ്യക്തമാക്കിയിരുന്നു.
സെയ്ഫ് അലിഖാനൊപ്പം ഭാര്യ കരീന കപൂർ ഖാനും മക്കളായ തൈമൂർ, ജെഹ് എന്നിവരും വീട്ടിലുണ്ടായിരുന്നു. അക്രമി ഒരുകോടി രൂപ ആവശ്യപ്പെട്ടതായി സെയ്ഫ് അലിഖാന്റെ കുട്ടികളുടെ പരിചരണത്തിന് നിയോഗിച്ചിട്ടുള്ള നഴ്‌സ് ഏലിയാമ്മ ഫിലിപ്പ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഭവത്തിൽ കവർച്ച, അതിക്രമിച്ച് കടക്കൽ, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് മുംബൈ പൊലീസ് കേസെടുത്തിരിക്കുന്നത്.



