ഇളയ മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും വീട്ടിൽ നിന്ന് യാതൊന്നും മോഷണം പോയിട്ടില്ലെന്നും ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി. ഇളയ മകൻ ജെഹാംഗീറിന്റെ മുറിയിലാണ് അക്രമി കയറിയത്. ജെയുടെ ആയയാണ് മോഷ്ടാവിനെ ആദ്യം കണ്ടത്. അവർ പെട്ടെന്ന് അലാറം ഓണാക്കിയിരുന്നു. മകനെ ആക്രമിക്കാൻ പ്രതി ശ്രമിച്ചു. ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സെയ്ഫ് വന്നതെന്നും കുത്തേറ്റതെന്നും കരീന പറഞ്ഞു.
ആക്രമണമുണ്ടായ സമയത്തു തന്നെ കുട്ടിയെയും പരിചാരികയെയും സെയ്ഫ് അലിഖാന്‍ 12–ാംനിലയിലേക്ക് മാറ്റുകയായിരുന്നെന്നും. സഹോദരിയായ കരിഷ്മ കപൂറെത്തി അവരുടെ വീട്ടിലേക്ക് തന്നെ കൂട്ടിക്കൊണ്ട് പോയെന്നും സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടതെന്നും കരീനയുടെ മൊഴിയില്‍ പറയുന്നു.
സെയ്ഫിനെ ആക്രമിച്ച കേസിലെ പ്രതിയുടെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ബാന്ദ്രയിലെ ഒരു മൊബൈൽ കടയിൽ നിന്നുള്ള പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇയാള്‍ ഗുജറാത്തിലേക്ക് കടന്നുവെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഗുജറാത്തിലേക്ക് തിരിച്ചു.
സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു

മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ . ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്. സെയ്ഫിനെ സന്ദർശിക്കാൻ പുറത്തുള്ള ആരെയും അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു.



