ഈ മാസം 15നാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ മിഹിർ അഹമ്മദ് ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ചോറ്റാനിക്കര തിരുവാണിയൂരുള്ള ഗ്ലോബൽ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു മിഹിർ. മകൻ സ്കൂളിൽ ക്രൂരമായ റാഗിങ്ങിന് ഇരയായതായി അമ്മ റജ്നാ പറഞ്ഞു. മകനെ കൊണ്ട് വാഷ്റൂമിൽ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്ത്തിവച്ച് ഫ്ലഷ് അമർത്തി. തുടർന്നുണ്ടായ മാനസിക ശാരീരിക പീഡനം സഹിക്കവയ്യാതെയാണ് മിഹിർ ജീവനൊടുക്കിയതെന്ന് മാതാവ് റജ്നയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് മാതാവ് സമൂഹ മാദ്ധ്യമങ്ങളിലും കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

അതേസമയം റാഗിങ് ഉൾപ്പെടെയുള്ള നടപടികൾ സ്കൂൾ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഗ്ലോബൽ പബ്ലിക് സ്കൂളിന്റെ വാർത്താ കുറിപ്പിൽ പറഞ്ഞു. എന്നാൽ ഏതെങ്കിലും പ്രത്യേക സംഭവത്തിന്റെയോ പ്രവൃത്തിയുടെയോ തെളിവുകൾ ലഭിക്കാതെ അനുമാനങ്ങൾ, ഉഹാപോഹങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ സ്കൂളിന് നടപടി എടുക്കാൻ കഴിയില്ലെന്നും കുറിപ്പിൽ വ്യക്തമാക്കി.
സാമന്ത റൂത്ത്പ്രഭു, പൃഥ്വിരാജ് സുകുമാരൻ, ആഷിഖ് അബു, പാർവതി തിരുവോത്ത്, നീരജ് മാധവ്, നൈല ഉഷ തുടങ്ങിയയവർ സംഭവത്തിൽ കുടുംബത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു.



