അറുപത് കിലോമീറ്ററിന് ഒരു ടോൾ എന്ന ദേശീയ പാത അതോറിട്ടിയുടെ മാനദണ്ഡം അടിസ്ഥാനമാക്കി കിഫ്ബി നിർമ്മിച്ച റോഡുകളിലും ടോൾ പിരിക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. ബൈപ്പാസുകള്‍, തുരങ്കപാത, തീരദേശ–മലയോരപാതകള്ക്കെല്ലാം ടോള്‍ നല്‍കേണ്ടിവരും. മഞ്ചേശ്വരം മുതല്‍ പാറശാല വരെ യാത്രാച്ചെലവ് വന്‍തോതില്‍ ഉയരും. ഏകദേശം 150 റോഡുകളാണ് കിഫ്ബി ഫണ്ടിൽ നിന്ന് 50 കോടിയിൽ കൂടുതൽ രൂപ ചെലവഴിച്ച് നിർമ്മിച്ചത്. എൻ എച്ച് 66ൽ കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോടുവരെയുള്ള 645 കിലോമീറ്റർ വികസനം പൂർത്തിയാകുമ്പോൾ,10 ടോൾ പ്ലാസകൾ തുറക്കാനാണ് ദേശീയപാത അധികൃതർ തീരുമാനിച്ചിരിക്കുന്നത്.

50 കോടി രൂപയിൽ കൂടുതൽ നിർമ്മാണ ചെലവ് വന്ന പാതകളിൽ ടോൾ ഈടാക്കണമെന്ന കിഫ്ബിയുടെ നിർദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി കെ.എൻ ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്ത യോഗം അംഗീകാരം നൽകിയിരുന്നു.



