ലണ്ടൻ: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ ആദരം അർപ്പിച്ച് ഓസ്‌ട്രേലിയ – ദക്ഷിണാഫ്രിക്ക താരങ്ങൾ. മരിച്ചവർക്ക് ആദരം അർപ്പിച്ച് കറുത്ത ആം ബാൻഡ് ധരിച്ചാണ് ടെസ്റ്റിന്റെ മൂന്നാം ദിനം താരങ്ങൾ കളത്തിലിറങ്ങിയത്. അമ്പയർമാരും കറുത്ത ആം ബാൻഡ് ധരിച്ചിരുന്നു. മൂന്നാം ദിവസത്തെ മത്സരം ആരംഭിക്കും മുമ്പ് താരങ്ങൾ ഒരു മിനിറ്റ് നേരം മൗനം ആചരിക്കുകയും ചെയ്തു.
ജൂലായ് 12-ാം തീയതിയാണ് ഇന്ത്യയെ ഞെട്ടിച്ച വിമാന ദുരന്തമുണ്ടായത്. ലണ്ടനിലേക്കുള്ള എയർ ഇന്ത്യ 171 ബോയിങ് ഡ്രീംലൈനർ 787-8 വിമാനം ജനവാസകേന്ദ്രത്തിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 241 പേർ മരിച്ചു. വിമാനം തകർന്നുവീണ മെഡിക്കൽ കോളേജ് മെസ്സിലുണ്ടായിരുന്ന ഏഴുപേർക്കും ജീവൻ നഷ്ടമായി. രാജ്യത്തുണ്ടായ രണ്ടാമത്തെ വലിയ വിമാനാപകടമാണിത്.
അപകടത്തിനിരയായവരിൽ ഒരു മലയാളിയടക്കം 169 ഇന്ത്യക്കാരും 53 ബ്രിട്ടീഷുകാരും ഏഴ് പോർച്ചുഗീസുകാരും ഒരു കാനഡ സ്വദേശിയും ഉൾപ്പെടുന്നു. രണ്ട് പൈലറ്റുമാരും 10 കാബിൻ ജീവനക്കാരും മരിച്ചു. എമർജൻസി വാതിലിന് സമീപത്തെ 11 എ സീറ്റിലെ യാത്രക്കാരനായ വിശ്വാസ് കുമാർ രമേശ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ലണ്ടനിൽ നഴ്‌സായ പത്തനംതിട്ട കോഴഞ്ചേരി സ്വദേശി രഞ്ജിത ജി. നായരാണ് മരിച്ച മലയാളി.
ലണ്ടനിലെ ഗാറ്റ്വിക്കിലേക്കുള്ള വിമാനം അഹമ്മദാബാദ് സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് വ്യാഴാഴ്ച 1.38-നാണ് പുറപ്പെട്ടത്. പറന്നുയർന്നയുടൻ ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുമുകളിൽ വിമാനം തകർന്നുവീണ് കത്തുകയായിരുന്നു. അഞ്ച് എംബിബിഎസ് വിദ്യാർത്ഥികൾ, ഒരു പിജി ഡോക്ടർ, ഡോക്ടറുടെ ഭാര്യ എന്നിവരാണ് മരിച്ചത്. അറുപതോളം പേർക്ക് പരിക്കേറ്റു.
ടേക്ക് ഓഫ് ചെയ്തയുടനെ എയർ ട്രാഫിക് കൺട്രോളിലേക്ക് അപകടസന്ദേശമായ ‘മെയ്ദെ കോൾ’ പൈലറ്റ് നൽകിയിരുന്നു. ക്യാപ്റ്റൻ സുമീത് സഭർവാളാണ് വിമാനം നിയന്ത്രിച്ചത്. ക്ലൈവ് കുന്ദർ ആയിരുന്നു ഫസ്റ്റ് ഓഫീസർ. 8200 മണിക്കൂർ വിമാനം പറത്തി പരിചയമുള്ള പൈലറ്റാണ് സുമിത്. സഹപൈലറ്റിന് 1100 മണിക്കൂർ അനുഭവസമ്പത്തുണ്ട്. എയർ ഇന്ത്യയുടെ വിടി-എഎൻബി രജിസ്ട്രേഷനുള്ള വിമാനമാണിത്. വിമാനത്തിന്റെ രണ്ട് എൻജിനുകളിലും പക്ഷി ഇടിച്ചതായി സംശയിക്കുന്നെന്നും പിന്നാലെ മുഴുവൻ ശക്തിയും നഷ്ടപ്പെട്ടതായും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.



