ടെഹ്‌റാൻ: ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിൽ കനത്ത ആക്രമണം നടത്തി ഇസ്രയേൽ. ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ സൈനിക വിഭാഗമായ ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) അറിയിച്ചു. ഇറാന്റെ വിവിധ പ്രദേശങ്ങളിലെ ആണവ പ്ലാന്റുകൾ ഉൾപ്പെടെ ഡസൻ കണക്കിന് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്.
ഇസ്രയേൽ എയർഫോഴ്‌സ് വിമാനങ്ങൾ ഉപയോഗിച്ചായിരുന്നു ആദ്യ ആക്രമണം.അതെസമയം ഇറാനെതിരെ നടന്ന ആക്രമണം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ റൈസിങ് ലയൺ’ ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേൽ മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
”കാലങ്ങളായി ഇസ്രയേലിനെ തകർക്കണമെന്ന് ഉദ്ദേശ്യവുമായി ഇറാനിയൻ ഭരണകൂടം മുന്നോട്ട് പോകുകയായിരുന്നു. ഇറാൻ ആണവായുധങ്ങൾ കൂടുതലായി നിർമിക്കുന്നുവെന്ന് ഞങ്ങളുടെ ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ മാസം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നിരവധി ആണവപ്ലാന്റുകളും അവർ നിർമിച്ചു. ഇന്ന് പുലർച്ചെയോടെ ഐഡിഎഫ് പ്രിസിസീവ് ആക്രണമം ഇറാനെതിരെ നടത്തി. ആണവായുധ നിർമാണത്തിൽ നിന്ന് ഇറാനെ തടയുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഒഴിച്ചുകൂടാനാകാത്ത ഒരു ഭീഷണിക്കെതിരെയാണ് ഞങ്ങൾ ആക്രമണം നടത്തിയിരിക്കുന്നത്. ഇതല്ലാതെ മറ്റൊരു മാർഗവും ഞങ്ങളുടെ മുന്നിലില്ല. ലോകത്തിനും പ്രത്യേകിച്ച് ഇസ്രയേലിനും ഭീഷണിയായേക്കാവുന്ന ആണവായുധ നിർമാണത്തിൽ ഇറാനെ പിന്തിരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഓപ്പറേഷൻ പ്രതിരോധത്തിനായാണ്. ഞങ്ങളുെട കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. ഐഡിഎഫ് വലിയ തയാറെടുപ്പാണ് ആക്രമണത്തിനു വേണ്ടി നടത്തിയത്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട്.” ഐഡിഎഫ് വക്താവ് സമൂഹമാധ്യമമായ എക്‌സിലൂടെ അറിയിച്ചു.
ഇറാനിൽ വെള്ളിയാഴ്ച രാവിലെ സ്‌ഫോടനങ്ങൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം ആക്രമണത്തിനു പിന്നാലെ ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷൻ റൈസിങ് ലയണിനു പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സർക്കാരിനെതിരെയാണെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഓപ്പറേഷൻ തുടരുമെന്നും വരുംദിവസങ്ങളിൽ ആക്രമണം വ്യാപകമാക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ടെഹ്‌റാൻ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു. ഇറാന്റെ ആണവസംവിധാനമായി നടാൻസ് ആണവപ്ലാന്റും ഇസ്രയേൽ ആക്രമിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.



