അമൃത്സർ: മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചിയിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴിതിരിച്ച് വിട്ടു. ഇന്ന് രാവിലെ 11:35ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട എഐ 0822 എന്ന വിമാനം 2:55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു.
രണ്ട് വട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെയാണ് വിമാനം അമൃത്സറിൽ ലാൻഡ് ചെയ്തത്. ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായാണ് വിവരം.
വിദേശത്തേക്ക് പോകാൻ കണക്ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉൾപ്പെടെയുള്ള യാത്രക്കാർ ആശങ്കയിലാണ്. നിലവിൽ യാത്രക്കാർ വിമാനത്തിനുള്ളിൽ തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ വിമാനം ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്ന് പൈലറ്റ് യാത്രക്കാരെ അറിയിച്ചു.



